കൊച്ചി: എൽപിജി സബ്സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ ഓഗസ്റ്റ് 16നകം ഇ-കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ഗാർഹിക ഗ്യാസ് സിലിണ്ടറിന് വാണിജ്യ നിരക്ക് നൽകേണ്ടിവരികയും ചെയ്തേക്കാം. മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സൗകര്യവും ലഭ്യമാണ്.
നമ്മുടെ അടുക്കളകളിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നതും അത്യാവശ്യവുമായ ഒന്നാണ് എൽപിജി സിലിണ്ടർ. സാധാരണക്കാരുടെ കുടുംബ ബജറ്റിൽ പ്രധാന ചെലവുകളിലൊന്നാണ് ഗ്യാസ് സിലിണ്ടറിനുള്ള തുക. അതിനാൽ സബ്സിഡി ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16നകം ഇ-കെവൈസി പൂർത്തിയാക്കേണ്ടത് പ്രധാനമാണ്.
കൃത്യസമയത്ത് ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ഗാർഹിക സിലിണ്ടറുകൾക്ക് വാണിജ്യ നിരക്ക് നൽകേണ്ടിവരികയും ചെയ്തേക്കാം. ഓഗസ്റ്റ് 16 വരെയാണ് സമയപരിധിയെന്ന് അറിയിച്ചുകൊണ്ട് ഇൻഡേൻ ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്.
ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ‘IndianOil ONE’ മൊബൈൽ ആപ്പ് വഴിയോ, വിതരണ ഏജൻസിയിൽ നേരിട്ടെത്തിയോ, സിലിണ്ടർ വിതരണം ചെയ്യാൻ എത്തുന്ന ഡെലിവറി ജീവനക്കാരൻ മുഖേനയോ ഇ-കെവൈസി പൂർത്തിയാക്കാം. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഓൺലൈനായും ഇ-കെവൈസി ചെയ്യാം.
ഓൺലൈനായി ഇ-കെവൈസി ചെയ്യുന്നത് എങ്ങനെ?
1. ആപ്പ് ഡൗൺലോഡ് ചെയ്യുക:
നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
2. ലോഗിൻ ചെയ്യുക:
ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യുക.
3. ഒടിപി വെരിഫിക്കേഷൻ:
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി വിവരങ്ങൾ സ്ഥിരീകരിക്കുക.
4. അക്കൗണ്ട് ലിങ്ക് ചെയ്യുക:
ഇൻഡേൻ ഉപഭോക്താക്കൾ 16 അക്ക എൽപിജി ഐഡി നൽകി അക്കൗണ്ട് ബന്ധിപ്പിക്കണം. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ആപ്പുകളിൽ ഇതിനുള്ള ഓപ്ഷൻ നേരിട്ട് ലഭിക്കും.
5. ഇ-കെവൈസി തിരഞ്ഞെടുക്കുക:
ആപ്പിലെ ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക.
6. അനുമതി നൽകുക:
നിബന്ധനകൾ അംഗീകരിച്ച ശേഷം ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷനായി അനുമതി നൽകുക.
7. ഫെയ്സ് സ്കാനിങ് പൂർത്തിയാക്കുക:
‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് മുഖം സ്കാൻ ചെയ്യുക. ആവശ്യമായ നിർദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി നടപടിക്രമം പൂർത്തിയാകും.
