കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എ. അജികുമാറും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും തങ്ങളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ജാമ്യാപേക്ഷയിൽ ഇരുവരും ആരോപിച്ചു.
അറസ്റ്റിന് ശേഷം കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും മറ്റ് ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും എ. അജികുമാർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അറസ്റ്റിലായി 19-ാം ദിവസമാണ് പി.എസ്. പ്രശാന്തും എ. അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചത്. ജൂലൈ 23നാണ് ഇരുവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2019ലെ സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനായി 2025ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൈമാറിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയാണ് സ്വർണം പൂശുന്നതിനായി പാളികൾ വീണ്ടും കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ പ്രതികളുടെ വാദങ്ങൾ തള്ളിയ പ്രത്യേക അന്വേഷണ സംഘം ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
