ന്യൂഡൽഹി: ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുന്നോടിയായി ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങി. 2027 ഫെബ്രുവരി വരെ കാലാവധി ബാക്കിയിരിക്കെയാണ് അദ്ദേഹം രാജിവച്ചത്. ഇനി പുനർനിയമനം തേടേണ്ടതില്ലെന്ന തീരുമാനവും അദ്ദേഹം എടുത്തിട്ടുണ്ട്. ചന്ദ്രശേഖരന്റെ അപ്രതീക്ഷിത രാജി വ്യാവസായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
2026 സാമ്പത്തിക വർഷത്തിൽ 158.6 കോടി രൂപയാണ് ചന്ദ്രശേഖരൻ വാർഷിക പ്രതിഫലമായി കൈപ്പറ്റിയത്. കമ്പനി ഡയറക്ടർമാരുടെ പ്രതിഫലം ധനകാര്യ രേഖകളിൽ വെളിപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക പ്രതിഫലമാണിത്.
ചന്ദ്രശേഖരന് ലഭിച്ച പ്രതിഫലത്തിൽ 17.9 കോടി രൂപ ശമ്പളവും അലവൻസുകളുമാണ്. ശേഷിക്കുന്ന 140 കോടി രൂപ കമ്മീഷൻ ഇനത്തിലാണ് ലഭിച്ചതെന്ന് ടാറ്റാ സൺസിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി ചന്ദ്രശേഖരന്റെ ആകെ വരുമാനം ഏകദേശം 685 കോടി രൂപയായി.
ടാറ്റാ സൺസ് ഡയറക്ടർമാർക്ക് നൽകിയ ആകെ പ്രതിഫലത്തിന്റെ ഏകദേശം 80 ശതമാനവും ചന്ദ്രശേഖരന്റെ പ്രതിഫലമാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളിൽ ഒരാളാണ് അദ്ദേഹം.
എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ എച്ച്‌സിഎൽ ടെക് സിഇഒ സി. വിജയകുമാറാണ് മുന്നിൽ. 2026 സാമ്പത്തിക വർഷത്തിൽ 176 കോടി രൂപയാണ് വിജയകുമാറിന് പ്രതിഫലമായി ലഭിച്ചത്.
2025 സാമ്പത്തിക വർഷത്തിൽ ചന്ദ്രശേഖരന്റെ പ്രതിഫലം 155 കോടി രൂപയായിരുന്നു. 2024ൽ ഇത് 134.8 കോടി രൂപയായിരുന്നു.
2026 സാമ്പത്തിക വർഷത്തിൽ ടാറ്റാ സൺസിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയ രണ്ടാമത്തെ എക്സിക്യൂട്ടീവ് ചീഫ് ഫിനാൻഷ്യൽ ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൗരഭ് അഗർവാളാണ്.
