Home Entertainmentവീട്ടിലെ സാമ്പത്തിക പ്രതിസന്ധിയാണ് സിനിമയിലെത്തിച്ചത്; അമ്മയ്ക്ക് പണം നൽകി സഹായിക്കണമെന്നായിരുന്നു ആഗ്രഹം: സൂര്യ

വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയാണ് സിനിമയിലെത്തിച്ചത്; അമ്മയ്ക്ക് പണം നൽകി സഹായിക്കണമെന്നായിരുന്നു ആഗ്രഹം: സൂര്യ

by news_desk1
0 comments

സിനിമയിലേക്ക് എത്താൻ കാരണമായത് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് നടൻ സൂര്യ. പണം സമ്പാദിച്ച് അമ്മയ്ക്ക് നൽകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ‘വിശ്വനാഥ് ആൻഡ് സൺസ്’ ചിത്രത്തിന്റെ താരങ്ങൾക്കും സംവിധായകനുമൊപ്പം സിത്താര എന്റർടെയ്ൻമെന്റിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമാ കുടുംബത്തിൽ നിന്നാണ് സൂര്യ എത്തിയത്. എന്നാൽ പിതാവ് ശിവകുമാറിന്റെ അഭിനയശൈലി തനിക്കുണ്ടാകാതിരിക്കാൻ അദ്ദേഹത്തിന്റെ സിനിമകൾ പോലും ബോധപൂർവം കാണാതിരുന്നിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു. താൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞാനൊരു നടനാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാർത്തി എന്നും സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടിവരുമെന്ന് അറിയുന്നത് അഞ്ച് ദിവസം മുമ്പ് മാത്രമാണ്. അതിനാൽ ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് എല്ലാം പഠിച്ചത്. പിന്നീട് അത് ഒരു ഉത്തരവാദിത്തമായി മാറി,” സൂര്യ പറഞ്ഞു.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് അഭിനയത്തിലേക്ക് കൂടുതൽ സജീവമായി എത്താൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. പണം സമ്പാദിച്ച് അമ്മയുടെ കൈയിൽ നൽകുക എന്നതായിരുന്നു തന്റെ ലക്ഷ്യം. എന്നാൽ സിനിമയിൽ നിന്ന് ലഭിച്ച സ്‌നേഹവും പിന്തുണയും ഉത്തരവാദിത്തത്തോടെ അഭിനയിക്കാനുള്ള പ്രചോദനമായി മാറിയെന്നും സൂര്യ പറഞ്ഞു.

ബാല്യത്തിൽ വളരെ നാണംകുണുങ്ങിയായിരുന്ന സൂര്യയെ പിന്നീട് ‘കാക്ക കാക്ക’യിലെ പ്രകടനത്തിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടിരുന്നുവെന്ന് നടി രാധിക ശരത്കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.

‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14ന്

സൂര്യ നായകനാകുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം. രവീണ ടണ്ടനും രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

‘കറുപ്പ്’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് സൂര്യയുടെ പുതിയ ചിത്രം എത്തുന്നത്. 13 വർഷത്തിന് ശേഷം ‘കറുപ്പി’ലൂടെയാണ് സൂര്യ ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയതെന്നതിനാൽ ‘വിശ്വനാഥ് ആൻഡ് സൺസി’ലും ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ‘ആവേശം’ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രവും സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

You may also like