Home Top Storiesപിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി ആരോപണം; അന്വേഷണം കൺട്രോളർക്ക് കൈമാറി ചെയർമാൻ

പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി ആരോപണം; അന്വേഷണം കൺട്രോളർക്ക് കൈമാറി ചെയർമാൻ

by news_desk1
0 comments

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി ആരോപണം. ക്രമക്കേട് അന്വേഷിക്കാനുള്ള ചുമതല പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു പരീക്ഷാ കൺട്രോളർക്ക് നൽകിയതായി റിപ്പോർട്ട്. എസ്‌പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു പിഎസ്‌സി യോഗത്തിലെ തീരുമാനം.

എന്നാൽ ഈ തീരുമാനം മറികടന്ന് അന്വേഷണം പരീക്ഷാ കൺട്രോളർക്ക് കൈമാറിയെന്നാണ് ആരോപണം. പിഎസ്‌സി സെക്രട്ടറിയെ അറിയിക്കാതെയായിരുന്നു ചെയർമാന്റെ നടപടിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ വീഴ്ചകൾ അന്വേഷിക്കാൻ മാത്രമാണ് കൺട്രോളർക്ക് അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അന്വേഷണത്തിന് നിയമതടസ്സം അറിയിച്ചിട്ടുണ്ട്.

ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷകളിലാണ് ക്രമക്കേട് നടന്നതായി ആരോപണം. പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നാണ് പരാതി. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം.

ക്രമക്കേട് നടന്ന പരീക്ഷകളിൽ പുനർമൂല്യനിർണയം നടത്താനും ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനുമായിരുന്നു പിഎസ്‌സി യോഗത്തിന്റെ തീരുമാനം.

ഇതിനിടെ, 2019-ൽ ആസൂത്രണ ബോർഡിലേക്കുള്ള നിയമനത്തിനായി നടത്തിയ അഭിമുഖത്തിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. അഭിമുഖത്തിൽ ചിലർക്കു അമിത മാർക്ക് നൽകിയെന്നാണ് ആരോപണം. എഴുത്തുപരീക്ഷയിലെ മാർക്കിന്റെ 12.02 ശതമാനത്തിൽ കൂടുതൽ മാർക്ക് അഭിമുഖത്തിൽ നൽകാൻ പാടില്ലെന്ന ചട്ടം പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

പിഎസ്‌സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായതോടെ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്തുന്നതാണ് സർക്കാർ പരിഗണിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

You may also like