തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കടുക്കുന്നു. ഓഹരി കൈമാറ്റത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് സെബിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം വ്യക്തമാക്കുന്ന അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ എംഎസ്‌സി ഗ്രൂപ്പിന് കൈമാറുന്നതായി അറിയിച്ചുകൊണ്ടാണ് കത്ത് നൽകിയത്.
ജൂൺ 29-നാണ് ഓഹരി കൈമാറ്റത്തിനുള്ള കരാറിൽ ഒപ്പുവെച്ചത്. തുടർന്ന് ജൂൺ 30-ന് സെബിക്ക് കത്ത് കൈമാറി. ആവശ്യമായ ഔദ്യോഗിക അനുമതികൾ ലഭിച്ചതിന് ശേഷമേ ഓഹരി കൈമാറ്റം അന്തിമമാകൂവെന്നും കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് ഓഹരി കൈമാറ്റ നടപടികൾ നടത്തിയതെന്നാണ് ഉയരുന്ന വിമർശനം.
സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖം വികസിപ്പിച്ചെടുത്തത്. കരാർ പ്രകാരം, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൺസഷണയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സാധിക്കില്ല. ഈ വ്യവസ്ഥകൾ പാലിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നതെന്നാണ് ആരോപണം.
ഓഹരി കൈമാറ്റത്തിന് സെബിയുടെ അനുമതി നിർബന്ധമല്ലെങ്കിലും, ഇക്കാര്യം അറിയിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ വിഷയത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ കർശന നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അദാനി ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കരുതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഈ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും, സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന നിർദേശവും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്തിയതിലൂടെ കരാർ ലംഘനം സംഭവിച്ചുവെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർണ സുതാര്യതയോടെ നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു. സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടത്താനാകില്ലെന്നും, വിഷയത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർതീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താതെയാണ് 49 ശതമാനം ഓഹരികൾ കൈമാറിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ ‘മുണ്ടി ലിമിറ്റഡ്’ ഏറ്റെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഏകദേശം 13,270 കോടി രൂപയുടെ ഇടപാടാണിതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അദാനി ഗ്രൂപ്പ് സമർപ്പിച്ച വിവരങ്ങളിലൂടെയാണ് ഓഹരി കൈമാറ്റം പുറത്തറിയുകയും വിവാദമാകുകയും ചെയ്തത്.
വിവാദം ശക്തമായതോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി തേടി അദാനി ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിഐഎസ്എൽ മാനേജിംഗ് ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. ആദ്യം ഒരാഴ്ചയ്ക്കകം അപേക്ഷ സമർപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ നിയമോപദേശം കൂടി തേടിയ ശേഷമാണ് ജൂലൈ ഒന്നിന് അപേക്ഷ സമർപ്പിച്ചത്.

