തിരുവനന്തപുരം: ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് സർക്കാർ കർശന നിർദേശം നൽകി. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വകുപ്പുകൾക്കും ഭരണപരിഷ്കാര വകുപ്പ് വ്യക്തമായ നിർദേശമാണ് നൽകിയിരിക്കുന്നത്. നിർദേശത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
താത്കാലിക നിയമനങ്ങളിൽ വ്യാപകമായ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുന്നത്.
ആദ്യഘട്ട നടപടിയായാണ് ഇപ്പോൾ വകുപ്പുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. അടുത്ത ഘട്ടമായി പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ തുടർനടപടികളിലേക്ക് കടക്കാനാണ് സാധ്യത.
പി.എസ്.സി നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ അന്വേഷണത്തിൽ സർക്കാരിന് തൃപ്തിയില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസം യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് നടത്തിയ പ്രതികരണത്തിൽ നിന്ന് ലഭിക്കുന്നത്. സമീപകാല നിയമനങ്ങളിൽ കൂടുതൽ വിശദമായ അന്വേഷണം നടന്നേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
റിസർച്ച് ഓഫീസർ പരീക്ഷയിലും ക്രമക്കേട് ആരോപണം
ഇതിനിടെ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിലും ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി.
ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷയിൽ പ്ലസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഭൂരിഭാഗം ചോദ്യങ്ങൾക്കും ‘ബി’ ഓപ്ഷനാണ് ശരിയുത്തരമായി വന്നതെന്നും ഉത്തരസൂചിക തയ്യാറാക്കുന്നതിൽ ക്രമക്കേട് ഉണ്ടായെന്നുമാണ് പരാതി.
സംഭവത്തിൽ പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

