ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കൊച്ചുമകൾ വീഡിയോ കോളിലൂടെ കണ്ടിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. 13കാരിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങാനുമാണ് വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നാണ് അന്വേഷണത്തിലെ വിവരം.
ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ശിവൻകുട്ടിയുടെ മകൾ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയും ഇവർക്കൊപ്പമാണ്. ഇതോടെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന പേരിൽ ബന്ധുവീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടതായി അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ലെന്നും അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നും പെൺകുട്ടി പറഞ്ഞിരുന്നു. മുത്തച്ഛൻ മരിച്ചുകിടക്കുന്നത് നേരിട്ട് കണ്ടിട്ടും പെൺകുട്ടിയിൽ കാര്യമായ ഭാവവ്യത്യാസം ഉണ്ടായിരുന്നില്ല.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ പൊലീസ് സംശയിച്ചിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെയാണ് പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിയത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രൊഫഷണൽ കൊലയാളിയല്ല സംഭവത്തിന് പിന്നിലെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. വീട്ടിനുള്ളിൽനിന്ന് ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
67കാരനായ ശിവൻകുട്ടിയുടെ മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയിലാണ് കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയതായും കണ്ടെത്തി. ആറ് പവൻ സ്വർണമാണ് വീട്ടിൽ നിന്ന് മോഷണം പോയത്.
പെൺകുട്ടിക്ക് മുത്തച്ഛനോടുണ്ടായിരുന്ന വൈരാഗ്യത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടുപ്രതികൾ പെൺകുട്ടിയോടൊപ്പം പഠിച്ചിരുന്നവരും പരിചയക്കാരുമാണ്. പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ശ്വാസംമുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാത്രി വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് വീടിനുള്ളിൽ പ്രവേശിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
