Home Nationalഅയോധ്യയ്ക്ക് പിന്നാലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള വിവാദം; ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്

അയോധ്യയ്ക്ക് പിന്നാലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള വിവാദം; ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്

by news_desk1
0 comments

ഡെറാഡൂൺ: അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനയായി ലഭിച്ച പണം അപഹരിച്ചെന്ന ആരോപണം ഉയർന്നു. സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ ബദ്രീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (BKTC) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

ഭൈരവ് സേന എന്ന സംഘടനയാണ് ബദ്രീനാഥ് ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണം അപഹരിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ചില സിസിടിവി ദൃശ്യങ്ങൾ സഹിതം സാമൂഹികമാധ്യമങ്ങളിലും സമാന ആരോപണങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ക്ഷേത്രസമിതി അന്വേഷണം പ്രഖ്യാപിച്ചത്.

ആരോപണങ്ങൾ പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയരായ ജീവനക്കാരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കും.

അതേസമയം, സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജീവനക്കാരൻ തന്റെ പേഴ്സണൽ അസിസ്റ്റന്റ് അല്ലെന്ന് ബദ്രീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി അധ്യക്ഷൻ ഹേമന്ത് ദ്വിവേദി പ്രതികരിച്ചു. ആരോപണവിധേയനായ വ്യക്തി ക്ഷേത്രത്തിലെ സർക്കാർ ജീവനക്കാരനാണെന്നും, മുൻപ് മൂന്ന് അധ്യക്ഷന്മാരുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹേമന്ത് ദ്വിവേദി അറിയിച്ചു.

You may also like