Home Keralaകൂട്ടപ്പിരിച്ചുവിടലിൽ കോറോ ഹെൽത്തിന്റെ കടുംപിടിത്തം; ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്ന് നിർദേശം

കൂട്ടപ്പിരിച്ചുവിടലിൽ കോറോ ഹെൽത്തിന്റെ കടുംപിടിത്തം; ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്ന് നിർദേശം

by news_desk1
0 comments

കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടർന്ന് കോറോ ഹെൽത്ത്. ജോലിക്കെത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നിർദേശം നൽകിയിരിക്കുന്നത്. പത്താം തീയതി വരെ പിരിച്ചുവിടൽ നടപടി മരവിപ്പിക്കുമെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നെങ്കിലും, പിന്നീട് കമ്പനി അതിൽ നിന്ന് പിന്മാറി.

ജീവനക്കാർക്ക് പിന്തുണയുമായി എഐടിയുസി നേതാക്കളും ഓഫീസിലെത്തി. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന 800-ലധികം ജീവനക്കാരെയാണ് യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ വെള്ളിയാഴ്ച കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.

സാധാരണ പോലെ ജോലിക്കെത്തിയ ജീവനക്കാരോട് സിസ്റ്റത്തിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി അടച്ചുപൂട്ടുകയാണെന്ന് മാനേജ്മെന്റ് അറിയിക്കുകയുമായിരുന്നു. ഇതോടെ ആശങ്കയിലായ ജീവനക്കാർ ജനപ്രതിനിധികളെയും ബന്ധപ്പെട്ട അധികാരികളെയും വിവരം അറിയിച്ചു.

തുടർന്ന് ജില്ലാ ലേബർ ഓഫീസറും ട്രേഡ് യൂണിയൻ നേതാക്കളും വിഷയത്തിൽ ഇടപെട്ടു. തുടർചർച്ചകൾക്കായി പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ സെക്രട്ടറി തലത്തിൽ കമ്പനി പ്രതിനിധികളുമായും ജീവനക്കാരുമായും തിങ്കളാഴ്ച ഒത്തുതീർപ്പ് ചർച്ച നിശ്ചയിച്ചിരുന്ന സാഹചര്യത്തിലാണ് കമ്പനി ധാരണയിൽ നിന്ന് പിന്മാറിയത്.

ഇതിനിടെ രണ്ട് മുതൽ രണ്ടര മാസത്തെ ശമ്പളം ‘നഷ്ടപരിഹാരം’ എന്ന പേരിൽ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കമ്പനി നിക്ഷേപിച്ചു. ഈ തുക സ്വീകരിക്കുന്നതോടെ ഭാവിയിൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ജീവനക്കാർക്ക് നഷ്ടമാകുമെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്.

പുതിയ ലേബർ കോഡ് അനുസരിച്ചാണ് നടപടിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ പുതിയ ലേബർ കോഡുകൾ പൂർണമായി പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതിനാൽ, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്, 1947 പ്രകാരം 300-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

You may also like