Home Keralaദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കരുത്; പഴിചാരലുകൾക്ക് സമയമല്ലെന്ന് മുഹമ്മദ് റിയാസ്

ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കരുത്; പഴിചാരലുകൾക്ക് സമയമല്ലെന്ന് മുഹമ്മദ് റിയാസ്

by news_desk1
0 comments

കൽപ്പറ്റ: വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ ഈ ഘട്ടത്തിൽ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരരുതെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ്. ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തം രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണെന്നും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട പ്രസ്താവനകൾക്കും വകുപ്പുകൾ തമ്മിലുള്ള പരസ്പര പഴിചാരലുകൾക്കുമുള്ള സമയമല്ല ഇതെന്ന് മന്ത്രിമാർ ഉൾപ്പെടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ മുഹമ്മദ് റിയാസ്, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിനായി എല്ലാവരും രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സർക്കാരിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായോയെന്നും മുന്നറിയിപ്പുകൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്നും ഉൾപ്പെടെയുള്ള വിഷയങ്ങൾ പിന്നീട് വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ചോദ്യങ്ങൾ ഉയർത്താനുള്ള അവകാശം ഓരോ പൗരനും ഉണ്ടെങ്കിലും, അതിനുള്ള സമയമിപ്പോഴല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കി നിലവിലെ സാഹചര്യത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ചില യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തി ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വീഴ്ചകളും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like