കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതുമായ സാഹചര്യത്തിലാണ് മുൻകരുതൽ നടപടി.
റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എന്നാൽ സർവകലാശാല പരീക്ഷകളും പി.എസ്.സി പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്ടിലും അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലും നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നഴ്സറി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പുഴകളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.
കള്ളാടി മണ്ണിടിച്ചിലിൽ അഞ്ച് മരണം
ഇതിനിടെ, കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. എട്ട് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
തുരങ്കപാത നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് കനത്ത മഴയെ തുടർന്ന് താഴേക്ക് പതിച്ചതോടെയാണ് അപകടമുണ്ടായത്. മണ്ണ് പാലത്തിലേക്ക് വീണതോടെ പാലവും അപകടാവസ്ഥയിലായി. പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

