തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്നതിന്റേതായിരുന്നു പരിശോധന.
മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനുള്ള നിയമതടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് പിന്നാലെയായിരുന്നു പരിശോധന. പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെ അവരുടെ വാഹനങ്ങൾ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞ് കല്ലുകളും ഇഷ്ടികകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിച്ചെന്നതാണ് കേസ്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികളായ 10 പേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയത്.

