തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം അശാസ്ത്രീയമായി മണ്ണ് തള്ളിയതുമൂലമുള്ള മനുഷ്യനിർമിത ദുരന്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളപ്പോൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ അതീവ വേദനാജനകമാണെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും കരാറുകാരന്റെ തലയിൽ ചുമത്തി സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും ഓരോ വികസന പദ്ധതിയും നടപ്പാക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം ക്രിമിനൽ അനാസ്ഥകൾ മൂലം ഇനി മനുഷ്യജീവൻ നഷ്ടപ്പെടാൻ ഇടവരരുതെന്നും ദുരന്തത്തിന് ഉത്തരവാദികളായ എല്ലാവരെയും എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കള്ളാടി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും, ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമായതെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.
ദുരന്തത്തിൽ ഇതുവരെ അഞ്ച് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21 കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശവാസികൾ നിലവിൽ ദുരിതാശ്വാസ ക്യാമ്പിലാണ്.
കള്ളാടിയിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് സംഘങ്ങളുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 70 അംഗ സംഘമാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

