കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. ദുരന്തബാധിത പ്രദേശത്ത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന മനുഷ്യസാധ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അപകടമേഖലയിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഏകോപനം പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തത്തിൽപ്പെട്ടവർക്കായി പുനരധിവാസ ക്യാമ്പുകളും കമ്മ്യൂണിറ്റി കിച്ചണും ഉടനടി ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതരുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി ‘സഞ്ജീവനി’ എന്ന അത്യാധുനിക ഉപകരണം ഉപയോഗിച്ച് എൻ.ഡി.ആർ.എഫ് (NDRF) തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തപ്രതികരണ സേന (STRF) ഉടൻ തന്നെ സ്ഥലത്തെത്തും. ഇതിന് പുറമെ ആത്മ വോളണ്ടിയേഴ്സും സിവിൽ വോളണ്ടിയേഴ്സ് ഇന്ത്യ ടീമും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യൂ മന്ത്രി എ.പി. അനിൽകുമാറും മന്ത്രി ടി. സിദ്ദിഖും അടങ്ങുന്ന മന്ത്രിമാരുടെ സംഘം ഉടൻ തന്നെ ദുരന്തം നടന്ന കള്ളാടിയിൽ നേരിട്ടെത്തും. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അപകടത്തിൽ നാല് പേർ മരണപ്പെടുകയും ഒൻപത് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണടിയിലായ ബസിനുള്ളിലും മറ്റുമായി ഏഴോളം തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കായുള്ള തിരച്ചിൽ അതീവ ദുഷ്കരമായ സാഹചര്യത്തിലും തുടരുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിലും കനത്ത മഴ തുടരുന്നതിനാലും നാളെ (ബുധനാഴ്ച) വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

