കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവുമായി ബന്ധപ്പെട്ട് കെ. ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശം നൽകി.
“നിങ്ങളെ ജനങ്ങളെ സേവിക്കാനാണ് തെരഞ്ഞെടുത്തത്. സർക്കാരിന്റെ ആയുധമാകരുത്. കോടതിക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും നിങ്ങളെ സംരക്ഷിക്കാനാകില്ല,” എന്ന് ഹൈക്കോടതി കെ. ബിജുവിനോട് വ്യക്തമാക്കി.
പ്രോസിക്യൂഷൻ അനുമതി നൽകുന്ന ഉത്തരവ് സ്വതന്ത്രമായി ആലോചിച്ചും മനസ്സിരുത്തിയും എടുത്തതാണെന്ന് വ്യക്തമാക്കുന്ന പരാമർശം പുതിയ ഉത്തരവിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തി വീണ്ടും അഡീഷണൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം.
പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിപ്പോയെന്നും അതിലെ എല്ലാ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായും കെ. ബിജു മാപ്പപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
ഉത്തരവിലെ പരാമർശങ്ങൾ കോടതിക്കെതിരായതിൽ ഖേദമുണ്ടെന്നും, പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് വിവാദ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും അദ്ദേഹം ഹർജിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ ഈ വിശദീകരണം ഹൈക്കോടതി അംഗീകരിക്കാതെ മാപ്പപേക്ഷ തള്ളുകയായിരുന്നു.

