Home Keralaമെഡിക്കൽ കോളേജുകളിൽ സംഘടനകളുടെ അന്നദാനം വേണ്ട; രോഗികൾക്ക് ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് ജി. സുധാകരൻ

മെഡിക്കൽ കോളേജുകളിൽ സംഘടനകളുടെ അന്നദാനം വേണ്ട; രോഗികൾക്ക് ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് ജി. സുധാകരൻ

by news_desk1
0 comments

ആലപ്പുഴ: മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ.

മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും ജില്ലാ കളക്ടറും മെഡിക്കൽ കോളേജ് സൂപ്രണ്ടും പങ്കെടുത്ത യോഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ഒരു സംഘടനയും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി. സുധാകരൻ പറഞ്ഞത്

“മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വെച്ച് കൊടിയും കെട്ടിയിരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്. പിന്നെ ഗവൺമെന്റിന്റെ ജോലി എന്താണ്? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം.

ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട ആളുകൾക്ക് വരാം. പക്ഷേ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാണ്. ആ തീരുമാനത്തിന് ശേഷവും ഒരു സംഘടന — സേവാഭാരതി — ഷെഡും കെട്ടിയിരിക്കുകയാണ്. സൂപ്രണ്ടിനോട് വിളിച്ച് എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. ഇതൊക്കെ മാറ്റണം,” ജി. സുധാകരൻ പറഞ്ഞു.

മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

“എന്താണ് ഈ മെഡിക്കൽ കോളേജുകളിൽ നടക്കുന്നത്? അവിടെ ചെല്ലുമ്പോൾ തന്നെ സാധാരണക്കാരായ ജീവനക്കാർ ‘മരിക്കാനല്ലെങ്കിൽ ഇവിടെ നിന്ന് കൊണ്ടുപോകൂ’ എന്നാണ് പറയുന്നത്,” അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കൽ കോളേജുകളിലെ ഭക്ഷണ വിതരണത്തെയും ചികിത്സാ സംവിധാനങ്ങളെയും കുറിച്ച് ജി. സുധാകരൻ അഭിപ്രായപ്പെട്ടത്. തെറ്റായ നിയമങ്ങളും രീതികളും തിരുത്തി എഴുതേണ്ടവരാണ് വിദ്യാർത്ഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like