Home Top Storiesവിഴിഞ്ഞം തുറമുഖത്ത് കരാർ ലംഘനം; അദാനി പോർട്ട്‌സിന് രണ്ട് വർഷത്തിനിടെ 15 കോടി രൂപ പിഴ, നടപടി ദിവ്യ എസ്. അയ്യർ എംഡിയായിരിക്കെ

വിഴിഞ്ഞം തുറമുഖത്ത് കരാർ ലംഘനം; അദാനി പോർട്ട്‌സിന് രണ്ട് വർഷത്തിനിടെ 15 കോടി രൂപ പിഴ, നടപടി ദിവ്യ എസ്. അയ്യർ എംഡിയായിരിക്കെ

by news_desk1
0 comments

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് അദാനി പോർട്ട്‌സിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) രണ്ട് വർഷത്തിനിടെ 15 കോടി രൂപ പിഴ ചുമത്തി. ദിവ്യ എസ്. അയ്യർ മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ് നടപടി സ്വീകരിച്ചത്.

കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് എട്ട് തവണ അദാനി പോർട്ട്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഓരോ വർഷവും സാമ്പത്തിക അവലോകന റിപ്പോർട്ട് തുറമുഖ കമ്പനിക്ക് സമർപ്പിക്കണമെന്നത് കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു. എന്നാൽ ഇതുവരെ അദാനി പോർട്ട്‌സ് റിപ്പോർട്ട് സമർപ്പിച്ചില്ലെന്നാണ് കണ്ടെത്തൽ.

ഇക്കാര്യത്തിൽ വിശദീകരണം തേടി ദിവ്യ എസ്. അയ്യർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും അദാനി പോർട്ട്‌സ് മറുപടി നൽകാൻ തയ്യാറായില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്ന് അതിലൂടെ മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താവൂ എന്ന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. എന്നാൽ ഈ വ്യവസ്ഥയും പാലിക്കാതെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി കണ്ടെത്തി. ഇതുസംബന്ധിച്ചും കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല.

സർക്കാർ അനുവദിച്ച തുക എങ്ങനെ ചെലവഴിച്ചു എന്നതിന്റെ കണക്കുകളും വരുമാനത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കുന്നതിലും അദാനി പോർട്ട്‌സ് വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടും ദിവ്യ എസ്. അയ്യർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

അദാനി പോർട്ട്‌സിന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്ന നിരീക്ഷണവും ദിവ്യ എസ്. അയ്യർ രേഖപ്പെടുത്തിയിരുന്നു. ഈ വിഷയങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് 15 കോടി രൂപ പിഴ ചുമത്തിയത്.

ഏകദേശം രണ്ടര വർഷക്കാലം ദിവ്യ എസ്. അയ്യർ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ എംഡിയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. തുടർന്ന് ഈ നടപടി രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു.

ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനി പോർട്ട്‌സിന് അനുകൂലമായ തീരുമാനമാണെന്ന ആരോപണവും ഉയർന്നു. ഈ ആരോപണം ആദ്യം ഉന്നയിച്ചത് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷായിരുന്നു. തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

You may also like