Home Top Stories‘രണ്ടുദിവസത്തിനകം ജെസിബി തിരികെ നൽകാമെന്ന് പറഞ്ഞു; അഞ്ച് വർഷമായി വനംവകുപ്പിന്റെ കസ്റ്റഡിയിൽ, മാസം 49,951 രൂപ വായ്പ അടച്ച് ഉടമ’

‘രണ്ടുദിവസത്തിനകം ജെസിബി തിരികെ നൽകാമെന്ന് പറഞ്ഞു; അഞ്ച് വർഷമായി വനംവകുപ്പിന്റെ കസ്റ്റഡിയിൽ, മാസം 49,951 രൂപ വായ്പ അടച്ച് ഉടമ’

by news_desk1
0 comments

അടിമാലി: റിസർവ് ഭൂമിയിൽ നിന്ന് മരങ്ങൾ പിഴുതെന്ന കേസിൽ അഞ്ച് വർഷമായി ജെസിബി വനംവകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്നതായി ആരോപിച്ച് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷ്. വാഹനം കസ്റ്റഡിയിലായതോടെ ജീവിതം തകർന്നുവെന്നും മാസം 49,951 രൂപ വീതം വായ്പ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണെന്നും അജീഷ് പറഞ്ഞു.

വ്യാഴാഴ്ച വനംവകുപ്പ് ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ജെസിബി കാടുകയറിയ നിലയിലാണെന്നും അജീഷ് വ്യക്തമാക്കി.

പതിനഞ്ച് ദിവസത്തിനുള്ളിൽ വാഹനം തിരികെ നൽകാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പിന്നീട് രണ്ടുദിവസത്തിനകം നൽകാമെന്നും ഉറപ്പുനൽകി. ആ വാക്ക് വിശ്വസിച്ചാണ് വാഹനം ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ പരാതി എന്താണെന്ന് പോലും അറിയില്ലെന്നും, 500 രൂപയുടെ നഷ്ടം ആരോപിച്ചാണ് 35 ലക്ഷം രൂപ വിലവരുന്ന ജെസിബി അഞ്ച് വർഷമായി പിടിച്ചുവെച്ചിരിക്കുന്നതെന്നും അജീഷ് ആരോപിച്ചു.

“ഇന്ന് തരാം, നാളെ തരാം എന്ന് പറഞ്ഞ് പറ്റിക്കുകയാണ്. മാസം 49,951 രൂപ വീതം വായ്പ അടയ്ക്കുകയാണ്. ഭാര്യയും മക്കളുമുണ്ട്. പണിയെടുത്ത് വായ്പ അടയ്ക്കാതിരിക്കാൻ കഴിയില്ല,” എന്നും അജീഷ് പറഞ്ഞു.

വരുമാന മാർഗവും സ്വപ്നവുമായിട്ടാണ് ജെസിബി വാങ്ങിയത്. റിസർവ് വനത്തിൽ കയറി ജോലി ചെയ്തിട്ടില്ലെന്നും, വനംപ്രദേശമെന്ന് തിരിച്ചറിയാൻ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് വർഷം കാത്തിരുന്നെന്നും, ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ചാണ് വാഹനം കൈമാറിയതെന്നും അജീഷ് പറഞ്ഞു. പിന്നീട് വാഹനം തിരികെ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ ആദ്യം അനൗദ്യോഗിക പ്രതികരണം നടത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, വിഷയം വാർത്തയായതിനെ തുടർന്ന് ഇടപെടുകയും പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു.

2020 ജൂലൈ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ഞിക്കുഴി സ്വദേശിയായ സൽമോന്റെ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് വീടിന്റെ തറയൊരുക്കുന്നതിനിടെയാണ് സമീപത്തെ മരങ്ങൾ പിഴുതെന്നും ഇതിലൂടെ സർക്കാരിന് 500 രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

2021 ഡിസംബറിൽ വാഹനം ഹാജരാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നഗരംപാറ ഫോറസ്റ്റ് ഓഫീസിൽ വാഹനം ഹാജരാക്കിയ അജീഷിനോട് ആദ്യം രണ്ടുദിവസത്തിനകം ജെസിബി തിരികെ നൽകാമെന്നാണ് അറിയിച്ചത്. എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും വാഹനം തിരികെ ലഭിച്ചിട്ടില്ല.

You may also like