അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജി നൽകിയത്. ഡ്യൂട്ടി സമയം വർധിപ്പിച്ചതും വേതനം വെട്ടിക്കുറച്ചതുമടക്കമുള്ള കാരണങ്ങളാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നടപടി.
കാണിക്ക എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്ന എസ്ബിഐ ശാഖയിലാണ് ജീവനക്കാർ രാജിക്കത്ത് സമർപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ ശേഷമാണ് പ്രതിഷേധമായി ജീവനക്കാർ എസ്ബിഐ തുളസി ഉദ്യാൻ ശാഖയിലെത്തി മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറിയത്.
രണ്ട് ഷിഫ്റ്റുകളിലായി നടന്നിരുന്ന ജോലി ഇപ്പോൾ ഒരു ഷിഫ്റ്റായി ചുരുക്കിയെന്നും, ഡ്യൂട്ടി സമയം ആറ് മണിക്കൂറിൽ നിന്ന് ഒൻപത് മണിക്കൂറായി വർധിപ്പിച്ചെന്നും ജീവനക്കാർ ആരോപിച്ചു. പ്രതിമാസ ശമ്പളം കുറച്ചതായും ഒരേ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വ്യത്യസ്ത ശമ്പളമാണ് നൽകുന്നതെന്നും അവർ പരാതിപ്പെട്ടു. പ്രതിമാസ അവധികളുടെ എണ്ണവും കുറച്ചതായും ജീവനക്കാർ ആരോപിക്കുന്നു.
കൂട്ടരാജിയെ തുടർന്ന് വ്യാഴാഴ്ച കാണിക്ക എണ്ണുന്നതിനായി ഡ്യൂട്ടിയിലെത്തിയ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. അതേസമയം, രാജിവെച്ച ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ പുതിയ നിയമന നടപടികൾ ഉടൻ ആരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സംഭാവനക്കൊള്ള കേസിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂട്ടരാജി നടന്നതെന്നതും ശ്രദ്ധേയമാണ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം പേർ അറസ്റ്റിലാവുകയും ക്ഷേത്രത്തിന്റെ മേൽനോട്ട ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന ഭാരവാഹികൾ രാജിവെക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, കേസിലെ പ്രതികൾ വ്യാജ വിഐപി പാസുകളും നിർമ്മിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ ടിന്നു യാദവാണ് ഡിജിറ്റൽ ഐഡി സംവിധാനം ദുരുപയോഗം ചെയ്ത് നൂറുകണക്കിന് വ്യാജ വിഐപി പാസുകൾ നിർമ്മിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നേരത്തെ സംഭാവനകൾക്ക് വ്യാജ രസീതുകൾ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

