Home Keralaജി. സുധാകരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയിൽ; അന്ന് പൊതിച്ചോർ വിതരണത്തെ പ്രശംസിച്ചു, ഇന്ന് മെഡിക്കൽ കോളേജിലെ അന്നദാനത്തെ വിമർശിച്ച് വിവാദം

ജി. സുധാകരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയിൽ; അന്ന് പൊതിച്ചോർ വിതരണത്തെ പ്രശംസിച്ചു, ഇന്ന് മെഡിക്കൽ കോളേജിലെ അന്നദാനത്തെ വിമർശിച്ച് വിവാദം

by news_desk1
0 comments

ആലപ്പുഴ: മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന ജി. സുധാകരന്റെ പുതിയ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു.

2020 മാർച്ചിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്ന “ഹൃദയപൂർവ്വം” പദ്ധതിയെ അഭിനന്ദിച്ച് ജി. സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. പദ്ധതി ആരംഭിച്ച ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയെ അദ്ദേഹം അന്ന് പ്രശംസിച്ചിരുന്നു.

2020 മാർച്ചിലെ ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്

“വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ” ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന “ഹൃദയപൂർവ്വം” എന്ന മനുഷ്യത്വപരമായ പദ്ധതി 1000 ദിവസം പിന്നിട്ടു. ഈ മഹത്തായ പദ്ധതി നടത്തുന്ന ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് ഹൃദയാഭിവാദ്യങ്ങൾ.

മഹാപ്രളയം ഉണ്ടായപ്പോഴും ഒരു ദിവസം പോലും ഭക്ഷണ വിതരണം മുടങ്ങിയില്ല. ഓരോ ദിവസവും വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ 4000-ത്തിലധികം ഉച്ചഭക്ഷണ പൊതികളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനോടകം 40 ലക്ഷത്തിലധികം പൊതിച്ചോറുകൾ വിതരണം ചെയ്തിട്ടുണ്ട്.

ഭക്ഷണ വിതരണം മാത്രമല്ല, രക്തം ആവശ്യമുള്ള രോഗികൾക്ക് രക്തദാനവും ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും ശേഖരിച്ച് സംസ്കരിക്കുന്ന പ്രവർത്തനങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റെടുത്തിരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.

ഹർത്താൽ ദിനത്തിൽ ഭക്ഷണവുമായി പോയ വാഹനം ആക്രമിക്കപ്പെട്ടിട്ടും രോഗികൾക്കായി കൃത്യസമയത്ത് ഭക്ഷണം എത്തിച്ച പ്രവർത്തകരെ അഭിനന്ദിച്ചും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിരുന്നു.

ജി. സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന

മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടികളുടെ ഷെഡുകളും കൊടികളും സ്ഥാപിച്ച് അന്നദാനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ജി. സുധാകരൻ ആവശ്യപ്പെട്ടു.

“കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വെച്ച് കൊടിയും കെട്ടി അന്നദാനം നടത്തുകയാണ്. പിന്നെ സർക്കാരിന്റെ ജോലി എന്താണ്? സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചിട്ടും ഇപ്പോഴും ഒരു സംഘടന ഷെഡും കെട്ടിയിരിക്കുകയാണ്. ഇതൊക്കെ മാറ്റണം,” എന്നാണ് അദ്ദേഹം പറഞ്ഞത്.

മെഡിക്കൽ കോളേജുകളിൽ ചികിത്സ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും, തെറ്റായ രീതികളും നിയമങ്ങളും തിരുത്തേണ്ടത് വിദ്യാർത്ഥികളാണെന്നും ജി. സുധാകരൻ പറഞ്ഞു.

You may also like