Home Keralaബംഗാൾ ഉൾക്കടലിൽ ‘മുരശ്’ ചുഴലിക്കാറ്റ്; നവംബർ 3ന് ആന്ധ്രാ തീരത്ത് കരതൊടും, കേരളത്തിലും മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ‘മുരശ്’ ചുഴലിക്കാറ്റ്; നവംബർ 3ന് ആന്ധ്രാ തീരത്ത് കരതൊടും, കേരളത്തിലും മഴ മുന്നറിയിപ്പ്

by news_desk1
0 comments

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് നവംബർ 3ന് ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലും പരമാവധി 120 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ‘മുരശ്’. ഇന്ത്യയാണ് ചുഴലിക്കാറ്റിന് പേര് നിർദേശിച്ചത്. യുദ്ധവാദ്യമായ പെരുമ്പറ എന്നാണ് ‘മുരശ്’ എന്ന വാക്കിന്റെ അർഥം. നവംബർ 2ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റായി മാറുന്ന മുരശ്, നവംബർ 3ന് രാവിലെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ കരതൊടുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ നവംബർ 1 മുതൽ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു.

കേരളത്തിൽ ഇന്ന് മുതൽ നവംബർ 5 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

You may also like