ലിസ്ബൺ: അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് പടിയിറങ്ങിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര യാത്രയയപ്പ് നൽകാൻ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷനും സർക്കാരും ഒരുങ്ങുമ്പോൾ, കളം നിറഞ്ഞ് കൗതുകകരമായ പുതിയ നീക്കങ്ങൾ. ദേശീയ ടീം പരിശീലകനായ ഹോർഹെ ജെസ്യൂസുമായി ഉണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ടീം ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ, ഫെഡറേഷന്റെ വിടപറയൽ മത്സര വാഗ്ദാനത്തോട് മുഖംതിരിച്ചിരിക്കുകയാണ്. തന്നെ വിലക്കിയ ഫെഡറേഷന് കീഴിൽ ഇനി കളിക്കില്ലെന്ന കടുത്ത വാശിയിലാണ് താരം.
എന്നാൽ, വിഷയം വഷളാക്കാതെ ക്രിസ്റ്റ്യാനോയെ അനുനയിപ്പിക്കാൻ പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുടെ നേതൃത്വത്തിൽ അതീവ ഗൗരവമായ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയും ഇതിഹാസ താരത്തിന് അർഹമായ വിടപറയൽ ഒരുക്കാൻ രംഗത്തുണ്ട്. എന്തു വിട്ടുവീഴ്ച ചെയ്‌തിട്ടായാലും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാടിലാണ് സർക്കാരും ഫുട്‌ബോളും. ഇതിനിടെയാണ് തന്റെ വിടപറയൽ മത്സരവുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനോ ഒരു ഉപാധി മുന്നോട്ടുവെച്ചിരിക്കുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ പോർച്ചുഗലിന്റെ കോച്ചായിരുന്ന ഇതിഹാസ പരിശീലകൻ ലൂയി ഫിലിപ് സ്‌കൊളാരിക്ക് കീഴിൽ മാത്രമെ വിടപറയൽ മത്സരം കളിക്കൂ എന്നാണ് താരം നിലപാട് വ്യക്തമാക്കയിരിക്കുന്നത്. 2003-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമ്പോൾ ജഴ്സി കൈമാറിയ സ്‌കൊളാരി തന്നെ തന്റെ അവസാന മത്സരത്തിലും കോച്ചാകണമെന്നാണ് ക്രിസ്റ്റ്യാനോയുടെ ആഗ്രഹം. നിലവിലെ കോച്ച് ഹോർഹെ ജെസ്യൂസിനോടുള്ള കടുത്ത അമർഷവും പ്രതിഷേധവുമാണ് ഈ തീരുമാനത്തിന് പിന്നിൽ.
ലോകകപ്പിന് ശേഷം മാർട്ടിനെസ് ഒഴിഞ്ഞ ഒഴിവിലേക്ക് സൗദി ക്ലബ്ബായ അൽ നസറിലെ പരിചയം മുൻനിർത്തി ജെസ്യൂസിനെ ദേശീയ ടീം പരിശീലകനാക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു റൊണാൾഡോ. എന്നാൽ, നോർവെക്കെതിരെയുള്ള നേഷൻസ് ലീഗ് മത്സരത്തിൽ 18 വർഷത്തിനിടെ ആദ്യമായി ക്രിസ്റ്റ്യാനോയെ പകരക്കാരനായി പോലും ഗ്രൗണ്ടിലിറക്കാതിരുന്നത് താരത്തെ മാനസികമായി തകർത്തു. തുടർന്ന് അനുമതിയില്ലാതെ ക്യാമ്പ് വിട്ട താരം സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. ആരുടെ മുന്നിലും തലകുനിക്കില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന റോണോയുടെ ഈ ഉപാധി ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
