Home Top Storiesസീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; അസമിൽ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; അസമിൽ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു

by news_desk
0 comments

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി. സംസ്ഥാന യുവജനക്ഷേമ-കായിക മന്ത്രി നന്ദിത ഗർലോസ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഹാഫ്‌ലോംഗിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിലവിൽ ഹാഫ്‌ലോംഗ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ നന്ദിതയ്ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. പകരം പുതുമുഖമായ രൂപാലി ലംഗ്താസയെയാണ് ബിജെപി ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതാണ് മന്ത്രിയുടെ പെട്ടെന്നുള്ള കൂടുമാറ്റത്തിന് കാരണമായത്.

നന്ദിതയെ പാർട്ടിയിൽ നിലനിർത്താൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരിട്ട് ഇടപെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം നന്ദിതയുടെ വീട്ടിലെത്തി ചർച്ചകൾ നടത്തിയെങ്കിലും അനുനയശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണ് പുതിയ നീക്കം സൂചിപ്പിക്കുന്നത്. നന്ദിതയ്ക്ക് പുറമെ 19 സിറ്റിംഗ് എംഎൽഎമാർക്ക് കൂടി ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇവരിൽ പലരും പാർട്ടി വിടാനോ വിമതരായി മത്സരിക്കാനോ ഒരുങ്ങുന്നത് ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്. 126 അംഗ അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

You may also like