Home Top Storiesട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

by news_desk
0 comments

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടത്തില്‍ നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിക്കും. ശേഷം വാഹനം കണ്ടെത്തും. വൈദ്യ പരിശോധന കഴിഞ്ഞ് പറയാമെന്ന് മണിയന്‍പിളള രാജു പൊലീസിനോട് പറഞ്ഞു. ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് മണിയൻപിളള രാജു പറയുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി ആരോപണമുയരുന്നുണ്ട്. സംഭവത്തിൽ ദൃക്സാക്ഷി മൊഴിയടക്കം പുറത്തുവന്നിട്ടും പ്രതിയെ പിടിച്ചില്ലെന്നും പൊലീസ് നടന് എല്ലാ സഹായവും ചെയ്തുവെന്നുമാണ് ആരോപണം.

മണിയൻപിളള രാജു അൽപ്പസമയം മുൻപ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ബൈക്ക് തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും മണിയന്‍പിളള രാജു പറഞ്ഞു. അപകടം നടന്നയുടന്‍ തന്നെ ആംബുലന്‍സ് എത്തിക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വാഹനം സ്റ്റേഷനില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു നടന്റെ പ്രതികരണം.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനുളളിലായി. ബൈക്കുമായി കാര്‍ അമിതവേഗത്തില്‍ നീങ്ങിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്‌സ് എത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.

You may also like