ന്യൂഡൽഹി. അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്‍റെ റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രംഗത്ത്. ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് ഏജൻസി പറഞ്ഞു. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമയാന അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അനാവശ്യമായ ആശങ്കക്ക് കാരണമാകുമെന്നും അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനാണെന്ന് ഇറ്റാലിയൻ പത്രം ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യതതിന് പിന്നാലെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എഎഐബിയുടെ പ്രതികരണം. ഇന്ധന സ്വിച്ച് പൈലറ്റ് മനപൂർവം ഓഫ് ചെയ്തതെന്നാണ് ഇറ്റാലിയൻ പത്രത്തിൽ പറയുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ആരോപണം. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു എന്നും ഇറ്റാലിയൻ പത്രത്തിൽ പറഞ്ഞിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നായിരുന്നു റിപ്പോർട്ട്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചത്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആയിരുന്നു എഎഐബി സമർപ്പിച്ചത്.
എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ റണിലിൽ നിന്ന് കട്ട് ഓഫിലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂൺ 12നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തം നടന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം എയർ ഇന്ത്യ171 താഴേയ്ക്ക് പതിക്കുകയായിരുന്നു. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചിരുന്നു. അപകടത്തിൽ മരിച്ച 260 പേരിൽ 19 പേർ വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്നവരാണ്. വിമാനത്തിൽ ഉണ്ടായിരുന്ന മലയാളിയായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു. വിമാനത്തിലെ യാത്രക്കാരില്‍ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ആയിരുന്നു. ബാക്കിയുള്ള ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു.
