ടെഹ്‌റാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി അനുദിനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ആശങ്കപ്പെടുത്തുന്ന ഒരു വാർത്ത കൂടി വരുന്നു. ആയിരക്കണക്കിന് ഇറാനികളുടെ ഫോണിലേക്ക് ഒരു അജ്ഞാത ഭീഷണി സന്ദേശം വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ‘യുഎസ് പ്രസിഡന്റ് പറഞ്ഞത് പോലെ ചെയ്ത് കാണിക്കുയാളാണ്. കാത്തിരുന്നോളൂ, കാണാം’ എന്നാണ് ഈ മെസേജിൽ ഉണ്ടായിരുന്നത്.
ഇറാനിലെ സർക്കാർ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട്. പേർഷ്യൻ ഭാഷയിലുള്ള സന്ദേശമാണ് ലഭിച്ചതെന്നാണ് നിരവധി ഇറാനികൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ സന്ദേശം എത്തിയത് എന്നാണ് വ്യക്തമാകുന്നത്.
