കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഡയറക്ടർമാരെ അയോഗ്യരാക്കി നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി പ്രകാരമുള്ള നിലവിലെ സ്ഥിതി തുടരാൻ നിർദ്ദേശിച്ച കോടതി, വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ വരും തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.
താൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകിയത്. എന്നാൽ ഈ വാദത്തിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. അന്തരിച്ച പ്രൊഫസർ എം.കെ. സാനു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് നേരത്തെ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം, 2006-ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഓഡിറ്റ് ചെയ്ത കണക്കുകൾ രജിസ്ട്രാർ ഓഫ് കമ്പനിക്ക് (ROC) സമർപ്പിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമപ്രകാരം കൃത്യമായി കണക്കുകൾ ഹാജരാക്കാത്തത് ബോർഡ് അംഗങ്ങളുടെ അയോഗ്യതയ്ക്ക് കാരണമാകുമെന്ന നിരീക്ഷണത്തെത്തുടർന്നാണ് വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ എന്നിവരടങ്ങുന്ന ഭരണസമിതിയെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. സുഗമമായ ഭരണത്തിനായി യോഗത്തിൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. തിങ്കളാഴ്ചത്തെ കോടതി നടപടികൾ സംഘടനയുടെ ഭാവി ഭരണകാര്യങ്ങളിൽ നിർണ്ണായകമാകും.

