റാഞ്ചി. 18 സൂപ്പർവൈസർമാർ, 12 പൊലീസുകാർ, മജിസ്ട്രേറ്റ്. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ഒരേയൊരു വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനമാണ് ഇത്. ജാർഖണ്ഡിലാണ് സംഭവം. ജാർഖണ്ഡിലെ ഗർഖ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വൻ നിരീക്ഷണത്തിൽ ഒരു വിദ്യാർത്ഥി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ശങ്കർ കുമാർ സിംഗ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അസാധാരണമായ നിരീക്ഷണത്തിൽ പരീക്ഷയെഴുകിയത്. സംഗീതമായിരുന്നു ശങ്കർ കുമാർ സിംഗിന്റെ വിഷയം. മിഡിൽ സ്കൂളിലാണ് ശങ്കർ കുമാർ സിംഗിനായി പരീക്ഷാ കേന്ദ്രം സജ്ജമാക്കിയത്. താൽക്കാലിക കേന്ദ്രമായിരുന്നുവെങ്കിലും സ്ഥിരം കേന്ദ്രങ്ങളേക്കാൾ ശക്തമായ സുരക്ഷാ സംവിധാനമാണ് രാമകണ്ട ബ്ലോക്കിൽ ഒരുങ്ങിയത്.
പരീക്ഷാ ഹാളിൽ സിസിടിവി സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഹാളിന്റെ ചുമതല മജിസ്ട്രേറ്റിനായിരുന്നു ഉണ്ടായിരുന്നത്. 18 പേരെയാണ് നിരീക്ഷണ ചുമതലയിൽ ഏർപ്പെടുക്കിയത്. പരീക്ഷാ കേന്ദ്രത്തിൽ 12 പൊലീസുകാരെയും വിന്യസിച്ചിരുന്നു. 406 വിദ്യാർത്ഥികളായിരുന്നു ഈ കേന്ദ്രത്തിൽ ഇതിനോടകം പരീക്ഷ എഴുതിയത്. രാമകണ്ടയിലെ കസ്തൂർബാഗാന്ധി ബാലികാ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഇവിടെ പരീക്ഷ എഴുതിയത്.
സംഗീതം വിഷയമാക്കിയ ഒരേയൊരാൾ ശങ്കർ കുമാർ സിംഗായിരുന്നു. പരീക്ഷാ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തതിൽ മൂന്ന് പേർ മാത്രമാണ് പരീക്ഷയ്ക്ക് എത്താതിരുന്നിട്ടുള്ളൂവെന്നാണ് രേഖകൾ വിശദമാക്കുന്നത്. തിങ്കളാഴ്ച നടന്ന പരീക്ഷയോടെ കേന്ദ്രത്തിലെ എല്ലാ പരീക്ഷകളും അവസാനിച്ചതായും അധികൃതർ വിശദമാക്കി.
