ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ പുതുതായി അവതരിപ്പിക്കുന്ന ഗോവ വിനോദയാത്രയുടെ ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന യാത്രയ്ക്ക് ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള നിരക്കുകൾ നിശ്ചയിച്ചു. ഒരു വയസ്സ് മുതൽ 80 വയസ്സ് വരെയുള്ള എല്ലാ യാത്രക്കാർക്കും 10 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നത് ഈ പാക്കേജിന്റെ സവിശേഷതയാണ്. മൂന്ന് രാത്രിയും രണ്ട് പകലും നീളുന്ന യാത്രയിൽ ഗോവയിലെ ചരിത്രസ്മാരകങ്ങൾ, പ്രശസ്തമായ ബീച്ചുകൾ, പ്രാദേശിക വിഭവങ്ങൾ എന്നിവ ആസ്വദിക്കാനുള്ള സൗകര്യമുണ്ടാകും.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കാസർഗോഡ് വരെ കെ.എസ്.ആർ.ടി.സി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് ആഡംബര എസി ബസുകളിലുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികൾക്കായി മികച്ച ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കാസർഗോഡ് മുതൽ ഗോവ വരെയുള്ള ഭക്ഷണച്ചെലവ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിനകത്തുള്ള യാത്രയ്ക്കിടയിലെ ഭക്ഷണച്ചെലവ് യാത്രക്കാർ സ്വയം വഹിക്കണം. ഗോവയ്ക്ക് പുറമെ ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, പളനി എന്നിവിടങ്ങളിലേക്കും വരുംദിവസങ്ങളിൽ യാത്രകൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി പത്ത് പുതിയ എസി ബസുകൾ ഉടൻ ലഭ്യമാക്കും.
ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നിരക്കുകൾ (ബ്രാക്കറ്റിൽ സൂപ്പർ ഡീലക്സ് നിരക്ക്): ആലപ്പുഴ – 9500 (8490), ചേർത്തല – 9100 (8380), ചെങ്ങന്നൂർ – 9600 (8770), എടത്വ – 9420 (8630), ഹരിപ്പാട് – 9470 (8670), കായംകുളം – 9550 (8730), മാവേലിക്കര – 9530 (8720). കൂടുതൽ വിവരങ്ങൾക്ക് 9188938525, 9846475874 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

