Home Nationalഎഫ്‌സിആർഎ ഭേദഗതി: കേന്ദ്രമന്ത്രിയുടെ വാദങ്ങൾ തള്ളി സിബിസിഐ; പ്രധാനമന്ത്രിയെ നേരിൽ കാണും

എഫ്‌സിആർഎ ഭേദഗതി: കേന്ദ്രമന്ത്രിയുടെ വാദങ്ങൾ തള്ളി സിബിസിഐ; പ്രധാനമന്ത്രിയെ നേരിൽ കാണും

by news_desk
0 comments

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനകളെ തള്ളി കത്തോലിക്കാ മെത്രാൻ സമിതി (CBCI). വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും അതുകൊണ്ടാണ് നിയമഭേദഗതിയെന്നുമുള്ള മന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ് വ്യക്തമാക്കി. നിലവിൽ തന്നെ രാജ്യത്ത് ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പുതിയ ഭേദഗതികൾ നിയമപരമായ എൻജിഒകളെയും സന്നദ്ധ സംഘടനകളെയും അനാവശ്യമായി നിയന്ത്രിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തിലെ ഗൗരവം ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള അധികൃതരെ നേരിൽ കാണാൻ ശ്രമിക്കുമെന്നും സിബിസിഐ അറിയിച്ചു. നിലവിൽ സംഘടനകൾക്ക് ലഭിച്ചിട്ടുള്ള ഫണ്ടുകളെല്ലാം നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണെന്നും എന്നാൽ നിയമപരമായി നിർമ്മിച്ച വസ്തുവകകൾ ഭേദഗതിയുടെ മറവിൽ ഏറ്റെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സഭ ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വെറും ആരോപണമല്ല ഇതെന്നും മറിച്ച് ന്യൂനപക്ഷങ്ങളെയും സന്നദ്ധ മേഖലയെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിതെന്നും സിബിസിഐ വക്താവ് വ്യക്തമാക്കി.

ഇതുവരെ ലഭിച്ച വിദേശ ധനസഹായങ്ങളുടെ വിനിയോഗം കൃത്യമായ ഓഡിറ്റിംഗിനും പരിശോധനയ്ക്കും വിധേയമാണെന്നിരിക്കെ, ദേശവിരുദ്ധത ആരോപിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് ദുരൂഹമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഏകപക്ഷീയമായ നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നുമാണ് സിബിസിഐയുടെ നിലപാട്. വരും ദിവസങ്ങളിൽ സഭാ പ്രതിനിധികൾ ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

You may also like