Home Nationalകേരളത്തിന് എയിംസ് ഇപ്പോഴില്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് ഇപ്പോഴില്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന്

by news_desk
0 comments

ന്യൂഡൽഹി: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിനായി 2016-ൽ കേരളം നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നുവെന്നും 2025-ൽ കിനാലൂരിൽ ഭൂമി കണ്ടെത്തിയതായി സംസ്ഥാനം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ സൂചിപ്പിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങൾക്കൊന്നും നിലവിൽ അംഗീകാരം നൽകിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാൻ ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. സാമ്പത്തിക വർഷാവസാനമായതിനാൽ ധനകാര്യ വകുപ്പിൽ നിന്ന് വിശദീകരണം ലഭ്യമായിട്ടില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. തുടർന്ന് മറുപടി നൽകാൻ ഏപ്രിൽ 10 വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 21 എയിംസുകൾക്ക് ഇതിനോടകം അനുമതി നൽകിയിട്ടുണ്ടെന്ന് മുൻപ് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കാൻ കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ ദീർഘകാലമായുള്ള ഈ ആവശ്യത്തിൽ കേന്ദ്രത്തിന്റെ പുതിയ നിലപാട് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

You may also like