കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയത്തിലെ യഥാർത്ഥ മേലധികാരികൾ ജനങ്ങളാണെന്ന സത്യം ഭരണാധികാരികൾ മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി വെറും ‘പി.ആർ. വിജയൻ’ ആയി മാറിയിരിക്കുകയാണെന്നും പേരാമ്പ്രയിൽ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പരിഹസിച്ചു. ബാലുശ്ശേരി മുതൽ പേരാമ്പ്ര വരെ മുഖ്യമന്ത്രിയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളുടെ പണം ഉണ്ടായിരുന്നെങ്കിൽ, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാമായിരുന്നു. ആരോഗ്യമേഖല നന്നാക്കാൻ മുഖ്യമന്ത്രിയുടെ പരസ്യബോർഡുകൾക്ക് ചെലവാക്കുന്ന കോടികളുടെ ആവശ്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വർണ്ണം കവർന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവർക്കെതിരെ ശക്തമായ ജനവിധി ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പേരാമ്പ്രയുടെ വികസന ചരിത്രം പരിശോധിച്ചാൽ ഡോ. കെ.ജി. അടിയോടിയുടെ ഏഴ് വർഷക്കാലം സമാനതകളില്ലാത്ത നാഴികക്കല്ലാണ്. അന്ന് അദ്ദേഹം നടപ്പിലാക്കിയ വികസനത്തിനപ്പുറം മറ്റൊന്നും ചെയ്യാൻ പിന്നീടുള്ളവർക്ക് കഴിഞ്ഞിട്ടില്ല. മണ്ഡലത്തിലെ പല വികസന പദ്ധതികളും വെറും തറക്കല്ലുകളിൽ ഒതുങ്ങിനിൽക്കുകയാണെന്നും പേരാമ്പ്രയിലെ മുരടിപ്പിന് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

