പാലക്കാട്: സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്‌വെയർ അഴിമതി നടന്നെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ണ സുതാര്യതയോടെയാണ് നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇല്ലാത്ത വിഷയങ്ങൾ ഉയർത്തിക്കാട്ടി എൽഡിഎഫിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും വികസന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം ആരോപിച്ചു. രമേശ് ചെന്നിത്തല നുണപ്രചാരണത്തിൽ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 4,415 സഹകരണ സ്ഥാപനങ്ങൾക്ക് പൊതുവായ സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കുന്നതിനായി 2021-ൽ ടെൻഡർ നടപടികൾ പ്രകാരം 206 കോടി രൂപയ്ക്ക് ടാറ്റാ കൺസൾട്ടൻസി സർവീസസിന് ലെറ്റർ ഓഫ് ഇന്റന്റ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ 2024 ഒക്ടോബറിൽ കമ്പനി ഏകപക്ഷീയമായി പദ്ധതിയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് 2025 മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹൈലെവൽ കമ്മിറ്റിയുടെ പരിശോധനയും നിയമവകുപ്പിന്റെ അനുമതിയും ലഭിച്ചതിന് ശേഷമാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതെന്നും ടെക്‌നിക്കൽ, ഫിനാൻഷ്യൽ വിലയിരുത്തലുകൾക്ക് ശേഷമാണ് പദ്ധതി മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ നടപടികൾ തുടരാൻ ഹൈക്കോടതി അനുമതി നൽകിയതായും പുതിയ പദ്ധതിയിൽ ഡാറ്റയും സോഴ്‌സ് കോഡും സർക്കാർ ഉടമസ്ഥതയിൽ നിലനിൽക്കുന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എൽഡിഎഫ്–എസ്ഡിപിഐ ധാരണയെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നുണപ്രചാരണങ്ങൾ വഴി എൽഡിഎഫിനെതിരെ രാഷ്ട്രീയ നേട്ടം നേടാനാണ് ശ്രമമെന്നും മുൻപ് ഉയർന്ന പല ആരോപണങ്ങളും ജനങ്ങൾ തള്ളിയതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയ ഭരണമാണ് തുടർഭരണത്തിന് കാരണമായതെന്നും കോൺഗ്രസിനും ബിജെപിക്കും സമാന സാമ്പത്തിക നയങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

