തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ നിരത്തി സർക്കാരിനെ നേരിടാൻ കഴിയാത്തതിനാൽ നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വി.ഡി. സതീശൻ എന്ത് വൃത്തികേടും വിളിച്ചുപറയുന്ന ഒരു ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രൊഫഷണൽ ഏജൻസികളെ വാടകയ്‌ക്കെടുത്താണ് പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭാ സമ്മേളനത്തിൽ പോലും സർക്കാരിനെതിരെ കാര്യമായ ഒരു കുറ്റപത്രം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഭരണപക്ഷത്തെ എതിർക്കാൻ യാതൊരു വസ്തുതകളും അവരുടെ പക്കലില്ലാത്തതിനാലാണിതെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. തന്റെ അനുയായിക്കെതിരെ ആരോപണം വന്നപ്പോൾ ഇരകളെ അധിക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടെയാണ് ഇത്തരം അധിക്ഷേപങ്ങൾ നടന്നതെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ജനം ഉൾച്ചിരിയോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായ സതീശന്റെ ആരോപണങ്ങൾക്ക് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്നെ മറുപടി നൽകിയിട്ടുണ്ട്. ഹരിപ്പാട് മണ്ഡലത്തിൽ കിഫ്ബി നടത്തിയ വികസനങ്ങളെക്കുറിച്ച് ചെന്നിത്തല പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുൾപ്പെടെ കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അതിനെ അപകീർത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് പണ്ട് സ്വീകരിച്ച അതേ സാമ്പത്തിക നയങ്ങളാണ് ബിജെപിയും തുടരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. റബ്ബർ കർഷകർക്ക് താങ്ങുവില നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നും അത് 150 രൂപയിൽ നിന്നും 200 രൂപയായി വർദ്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

