Home Kerala‘ബിജെപിയുടെ ബി ടീം കോൺഗ്രസ്, നേമത്തെ വിജയം ആ ഡീലിന്റെ ഭാഗം’; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

‘ബിജെപിയുടെ ബി ടീം കോൺഗ്രസ്, നേമത്തെ വിജയം ആ ഡീലിന്റെ ഭാഗം’; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സി.പി.ഐ.എം – ബി.ജെ.പി ‘ഡീൽ’ ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രപ്രസിദ്ധമായ ‘കോലീബി’ സഖ്യമുണ്ടാക്കി ബി.ജെ.പിയുമായി മുൻപ് കൈകോർത്തത് കോൺഗ്രസാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2016-ൽ നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നത് കോൺഗ്രസ് വോട്ടുകൾ മറിച്ചതുകൊണ്ടാണെന്നും മറ്റൊരു നേതാവിന്റെ വിജയത്തിന് വേണ്ടി കോൺഗ്രസ് ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായിരുന്നു ആ ജയമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡൽഹിയിൽ കെജ്‌രിവാളിന്റെ അറസ്റ്റിൽ പടക്കം പൊട്ടിച്ച കോൺഗ്രസ്, ബി.ജെ.പിയുടെ ബി ടീമായാണ് പലയിടത്തും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വർഗീയതയെ കൂട്ടുപിടിച്ച് പ്രതിപക്ഷം അസത്യപ്രചാരണം നടത്തുകയാണെന്നും വി.ഡി. സതീശൻ ഉന്നയിച്ച പത്ത് സീറ്റുകളിലെ ഡീൽ ആരോപണം തദ്ദേശീയമായി പോലും ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പത്ത് വർഷത്തെ വികസന നേട്ടങ്ങളും ഭരണത്തുടർച്ചയ്ക്കുള്ള ജനപിന്തുണയും കണ്ട് ഭയന്നാണ് ഇത്തരം ആഖ്യാനങ്ങൾ ചമയ്ക്കുന്നത്. യു.ഡി.എഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയതും ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ തകർന്നതും ജനം മറന്നിട്ടില്ല. ശബരിമല വിഷയം പ്രചാരണമാക്കിയാലും എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും സർക്കാരിന്റേത് കൃത്യമായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം അവസാനിച്ചുവെന്നും കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്താനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You may also like