Home Localകൊടുങ്ങല്ലൂർ ഭക്തരോട് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്രൂരത: പൊരിവെയിലത്ത് വലഞ്ഞ് വയോധികർ.

കൊടുങ്ങല്ലൂർ ഭക്തരോട് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്രൂരത: പൊരിവെയിലത്ത് വലഞ്ഞ് വയോധികർ.

by news_desk
0 comments

കൊടുങ്ങല്ലൂർ. വിശ്വപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ അന്നപ്രസാദം ഉണ്ണാനെത്തുന്ന ഭക്തരോട് കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ജീവനക്കാരുടെയും തികഞ്ഞ അവഗണന. മണിക്കൂറുകളോളം പൊരിവെയിലത്ത് ക്യൂ നിർത്തി ഭക്തരെ പീഡിപ്പിക്കുന്ന ദേവസ്വം നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

അന്നദാന ഹാളിന് വെളിയിൽ തണൽ ഒരുക്കാൻ പോലും തയ്യാറാകാത്ത അധികൃതരുടെ നിലപാടാണ് ഭക്തരെ വലയ്ക്കുന്നത്. അന്നദാനത്തിനായി വരി നിൽക്കുന്നവരിൽ ഭൂരിഭാഗവും ദൂരദിക്കുകളിൽ നിന്നെത്തുന്ന വയോധികരും സ്ത്രീകളുമാണ്. ചുട്ടുപഴുത്ത വെയിലത്ത് തളർന്നു വീഴുന്ന അവസ്ഥയിലായിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്ന് തികച്ചും മര്യാദകെട്ട പെരുമാറ്റമാണ് ഉണ്ടാകുന്നതെന്ന് ഭക്തർ പരാതിപ്പെടുന്നു. ദയ ലവലേശമില്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.

ഭക്തരുടെ ബുദ്ധിമുട്ട് കണ്ടു സഹിക്കാനാവാതെ, വെയിൽ കൊള്ളാതിരിക്കാൻ ഷീറ്റ് വാങ്ങി പന്തൽ കെട്ടുന്നതിനായി ഒരു ഭക്തൻ സ്വന്തം കയ്യിൽ നിന്ന് പണം നൽകിയിട്ടും അത് നടപ്പിലാക്കാൻ ദേവസ്വം അധികൃതർ തയ്യാറായിട്ടില്ല. ഈ തുക കൈപ്പറ്റിയിട്ടും സൗകര്യങ്ങൾ ഒരുക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെയും ധിക്കാരത്തിന്റെയും തെളിവാണെന്ന് ഭക്തജനങ്ങൾ കുറ്റപ്പെടുത്തുന്നു. വെയിൽ കൊണ്ട് തലകറങ്ങി പ്രായമായവർ വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ക്ഷേത്രത്തിലെത്തുന്ന സാധാരണക്കാരായ വിശ്വാസികളെ അവഹേളിക്കുന്ന ഈ സമീപനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് ഭക്തരുടെ ആവശ്യം.

You may also like