ചെന്നൈ. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു.
രണ്ട് പേരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ആകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാർച്ച് ആറിനായിരുന്നു സംഭവം. ആകാശിന് പുറമെ മറ്റൊരാൾ കൂടി കേസിൽ പ്രതിയാണ്. ഇരുവരെയും മജിസ്ട്രേറ്റ് മാർച്ച് 18 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ആകാശിൻ്റെ മരണം. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകൻ മരിക്കാൻ കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽവെച്ച് കണ്ടപ്പോൾ ആകാശ് രക്ഷിതാക്കളോട് പൊലീസ് മർദനത്തെ കുറിച്ച് പറഞ്ഞതായി മനുഷ്യാവകാശ പ്രവർത്തകൻ പറഞ്ഞു. രണ്ട് കല്ലുകൾക്കുള്ളിൽ കാൽ കുരുക്കിവെച്ച് പൊലീസ് തല്ലിയതായും ആകാശ് പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.
അതേസമയം കസ്റ്റഡിയിൽ എടുക്കുമ്പോൾ ആകാശിന് പരിക്കുണ്ടായിരുന്നുവെന്നും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസിൻ്റെ വാദം. ആകാശിനെ ആദ്യം ശിവഗംഗയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ മധുരയിലെ രാജാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന് ശ്വാസമെടുക്കുന്നതിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ശിവഗംഗ ജില്ലയിൽ അജിത് കുമാർ എന്ന യുവാവും പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. അജിത്തിൻ്റെ മരണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സംഭവം നടന്ന് ഒരു വർഷത്തിനിടെയാണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു പരാതി കൂടി ഉയർന്നിരിക്കുന്നത്.
അജിത് കുമാറിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം നടക്കുകയാണ്. അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളടക്കം ഉയർന്നിരുന്നു. ആഭരണ മോഷണ പരാതിയെ തുടർന്ന് അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും പിന്നീട് കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയുമായിരുന്നു.

