ബെംഗളൂരു: സോഷ്യൽ മീഡിയ റീൽ ചിത്രീകരണത്തിനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ബെംഗളൂരുവിലാണ് സംഭവം.
യുവതി ഭർത്താവിനും ഭർത്താവിന്റെ മാതാവിനും സഹോദരനും ഒപ്പം പിതാവിനെ വലിയ ചാക്കിൽ കെട്ടിയ നിലയിൽ കൊറിയർ സ്ഥാപനത്തിലെത്തുകയായിരുന്നു. അസാധാരണമായ പാഴ്സൽ ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉള്ളടക്കം എന്താണെന്ന് ചോദിച്ചെങ്കിലും യുവതി വ്യക്തമായ മറുപടി നൽകിയില്ല. സംശയം തോന്നിയ ജീവനക്കാർ ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ യുവതിയുടെ പിതാവാണെന്ന് കണ്ടെത്തിയത്.
റംസാനും ഉഗാദി ആഘോഷകാലവും ആയതിനാൽ യാത്രാ ടിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കൊറിയർ വഴി ആളെ അയക്കുന്ന രീതിയെ പരിഹസിക്കുന്ന റീൽ ചിത്രീകരിക്കാനാണ് ഇത്തരമൊരു ശ്രമമെന്ന് യുവതിയും കുടുംബവും വിശദീകരിച്ചു.
എന്നാൽ സംഭവം പുറത്തായിട്ടും പാഴ്സൽ സ്വീകരിക്കണമെന്ന് കുടുംബം ജീവനക്കാരോട് ആവശ്യപ്പെട്ടതോടെ അവർ പൊലീസിൽ പരാതി നൽകി. തുടർന്ന് യുവതിയെയും കുടുംബാംഗങ്ങളെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇവരോട് മാപ്പ് അപേക്ഷ തയ്യാറാക്കി റീൽ രൂപത്തിൽ പങ്കുവയ്ക്കാൻ നിർദേശിച്ചു. കർശന മുന്നറിയിപ്പ് നൽകിയ ശേഷം പൊലീസ് ഇവരെ വിട്ടയച്ചു.

