കൊല്ലം: ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ വ്യക്തിത്വവും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും ഒരേപോലെ തിളങ്ങിയ അദ്ദേഹം അറുപതോളം സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ഹോർട്ടിക്കൾച്ചർ കോർപ്പറേഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃശൂർ തൃത്തല്ലൂർ സ്വദേശിയായ രാജേന്ദ്രൻ സ്കൂൾ കാലഘട്ടം മുതൽ നാടകരംഗത്ത് സജീവമായിരുന്നു. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (NSD) നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടെലിവിഷൻ കോഴ്സും പൂർത്തിയാക്കി. പ്രശസ്ത നടൻ ഒ. മാധവന്റെ മകളും നടൻ മുകേഷിന്റെ സഹോദരിയുമായ സന്ധ്യയാണ് ഭാര്യ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. വിവാഹശേഷം കൊല്ലത്തെത്തിയ അദ്ദേഹം ഒ. മാധവന്റെ നേതൃത്വത്തിലുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും. ഭൗതികദേഹം പൊതുദർശനത്തിനായി ഉടൻ കൊല്ലത്തെ വസതിയിലെത്തിക്കും.

