നമ്മുടെ ഭൂമിക്ക് ഇപ്പോൾ എത്ര വയസ്സുണ്ടാകും? ശാസ്ത്രം പറയുന്നത് ഭൂമി ഇപ്പോൾ അതിന്റെ മധ്യവയസ്സിലാണെന്നാണ്. അതെ, ജനനം മുതൽ ഇന്നുവരെയുള്ള നാലര ബില്യൺ വർഷങ്ങൾ പിന്നിട്ട്, ആയുസ്സിന്റെ പകുതി ദൂരം ഭൂമി പിന്നിട്ടുകഴിഞ്ഞു. എന്നാൽ ഇനിയുള്ള കാലം അത്ര സുഖകരമാകില്ല എന്നാണ് കണ്ടെത്തലുകൾ. കോടിക്കണക്കിന് വർഷങ്ങൾക്കിപ്പുറം ഭൂമി ഒരു കരിഞ്ഞ പന്തായി മാറുമോ? സൂര്യൻ തന്റെ അടുത്തുള്ള ഗ്രഹങ്ങളെ വിഴുങ്ങുമോ? നോക്കാം.
സൂര്യനും ഭൂമിയും: ഊർജ്ജത്തിന്റെ ഉറവിടം.
സൂര്യന്റെ ജീവിതചക്രത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം, ഏകദേശം 4.6 ബില്യൺ വർഷം പ്രായമുള്ള ഒരു മധ്യവയസ്സുള്ള നക്ഷത്രമാണ് ഇപ്പോഴുള്ള സൂര്യൻ. സഹസ്രകോടി വർഷങ്ങളുടെ പരിവർത്തനത്തിലൂടെ സൂര്യനിലെ ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ആറ്റങ്ങളായി മാറുന്നു. ഈ പ്രക്രിയയിൽ പുറന്തള്ളപ്പെടുന്ന താപവും പ്രകാശവുമാണ് സൗരോർജ്ജമായി ഭൂമിയിലെത്തുന്നത്.
കാലക്രമേണ സൂര്യനിൽ കൂടുതൽ ചൂട് കൂടുകയും പ്രകാശമേറിയതാകുകയും ചെയ്യുന്നതോടെ, ഭൂമിയിലെ സാഹചര്യങ്ങൾക്ക് മാറ്റം വരാനും തുടങ്ങും. ഏകദേശം 1 ബില്യൺ വർഷങ്ങൾക്ക് ശേഷം, ഉയരുന്ന താപനില കാരണം ഭൂമിക്ക് ജീവനെ നിലനിർത്താൻ സാധിക്കാതെയാകുന്നു. ഇതോടെ സമുദ്രങ്ങളിൽ ബാഷ്പീകരണം സംഭവിക്കുകയും അന്തരീക്ഷത്തിൽ ഭീകരമായ മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുമുണ്ട്.
ഏകദേശം 5 ബില്യൺ വർഷങ്ങൾക്കുള്ളിൽ സൂര്യൻ ചുവന്ന ഭീമനായ നക്ഷത്രമായി മാറുന്നു. ഈ ഘട്ടത്തിൽ തൊട്ടടുത്തുള്ള ഗ്രഹങ്ങളായ മെർക്കുറിയും വീനസും സൂര്യനുള്ളിൽ അകപ്പെടാനും സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുടെ ഭാവി എന്താകുമെന്ന് വ്യക്തമായിട്ടില്ല. ഭൂമിക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും മെർകുറി, വീനസ് എന്നീ ഗ്രഹങ്ങളെപ്പോലെ ഭൂമി ഒരു വാസയോഗ്യമല്ലാത്ത, ചൂടുള്ള ഗ്രഹമായി മാറുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഇതൊക്കെ കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങളായതിനാൽ തൽക്കാലം വലിയ ഭീഷണികളൊന്നുമില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എങ്കിലും ഭൂമിയുടെ ഈ മധ്യവയസ്സ് നമ്മെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു; ഭൂമി ഇനിയും ബില്യൺ കണക്കിന് വർഷങ്ങൾ നിലനിന്നേക്കാം, എന്നാൽ മനുഷ്യവംശം എത്രകാലം ഇവിടെയുണ്ടാകും എന്നത് നാം ഇന്ന് ഭൂമിയെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
കാലാവസ്ഥാ മാറ്റങ്ങൾ, അസ്ട്രോയിഡുകൾ, അഗ്നിപർവ്വത വിസ്ഫോടനങ്ങൾ, ഐസ് ഏജുകൾ എന്നിവയിലൂടെയെല്ലാം കടന്നുവന്നതാണ് നമ്മുടെ ഗ്രഹം. ഭൂമി ദീർഘകാലം നിലനിൽക്കുമെന്നാണ് പഠനങ്ങൾ പറയുന്നതെങ്കിലും ജീവജാലങ്ങളുടെ സുരക്ഷക്ക് അത്രയും ഉറപ്പില്ലെന്ന് സാരം
