ന്യൂഡൽഹി: പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയതോടെ വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലിന്മേലുള്ള ചർച്ച കേന്ദ്രസർക്കാർ മാറ്റിവെച്ചു. എൻജിഒകളെയും സന്നദ്ധ സംഘടനകളെയും വരുതിയിലാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ ബാനറുകളുമായി പ്രതിഷേധിച്ചു. ലോക്സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിക്കുന്നതിനിടയിലും പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
ഭേദഗതിയുമായി ബന്ധപ്പെട്ട് കോൺഗ്രസും ഇടതുപക്ഷവും തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കിരൺ റിജിജു ആരോപിച്ചു. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് നിയമം പരിഷ്കരിക്കുന്നതെന്നും കേരളത്തിലെ ജനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. എന്നാൽ, നിലവിൽ തന്നെ ശക്തമായ നിയന്ത്രണങ്ങളുള്ളപ്പോൾ പുതിയ ഭേദഗതി കൊണ്ടുവരുന്നത് സംഘടനകളെ വേട്ടയാടാനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബില്ലിലെ വിവാദ വ്യവസ്ഥകൾ പരിശോധിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) കേന്ദ്ര ആഭ്യന്തര മന്ത്രിക്കും എംപിമാർക്കും നിവേദനം നൽകി. നിയമം നടപ്പിലാക്കിയാൽ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കുമെന്ന് സഭാനേതൃത്വം മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷ വേട്ടയ്ക്കുള്ള ആയുധമായാണ് ഈ ഭേദഗതിയെ സഭ കാണുന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം അജണ്ടകൾ നടപ്പിലാക്കുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശമാണെന്നും സഭാ വക്താക്കൾ വിമർശിച്ചു. ക്രൈസ്തവ സംഘടനകൾക്കെതിരെയുള്ള നീക്കങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.

