ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ (73) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം. ഇമ്രാന് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ എന്നിവരുൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട നിവേദനം പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറി.
പാകിസ്ഥാനിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ചത്. മാസങ്ങളായി കാഴ്ച മങ്ങുന്നതിനെക്കുറിച്ച് ഇമ്രാൻ പരാതിപ്പെട്ടിരുന്നെങ്കിലും ജയിൽ അധികൃതർ അത് അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പാക് സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ വെറും 15 ശതമാനം കാഴ്ച മാത്രമാണ് വലതു കണ്ണിനുള്ളത്.
ഇമ്രാൻ ഖാനൊപ്പം കളിച്ചവരും അദ്ദേഹത്തിന്റെ നേതൃപാടവത്തെ ബഹുമാനിക്കുന്നവരുമായ 14 നായകന്മാരാണ് പാക് പ്രധനമന്ത്രിക്ക് അയച്ച കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഓസ്ട്രേലിയന്‍ മുന്‍ നായകന് ഗ്രെഗ് ചാപ്പലാണ് മുന്‍ കളിക്കാരെ ചേര്‍ത്ത് നിവേദനം തയാറാക്കിയത്. ഇന്ത്യൻ താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ എന്നിവര്‍ക്ക് പുറമെ ഇയാൻ ചാപ്പൽ, അലൻ ബോർഡർ, സ്റ്റീവ് വോ, കിം ഹ്യൂസ്, ബെലിൻഡ ക്ലർക്ക്, ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ ആതർട്ടൺ, നാസർ ഹുസൈൻ, ഡേവിഡ് ഗവർ, മൈക്കൽ ബ്രിയർലി, വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് ന്യൂസിലന്‍ഡ് മുന്‍ താരം ജോൺ റൈറ്റ് എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
രാഷ്ട്രീയത്തിന് അതീതമായി, ലോക ക്രിക്കറ്റിലെ ഒരു ഇതിഹാസ നായകനെന്ന നിലയിൽ ഇമ്രാൻ ഖാൻ അന്തസ്സുള്ള പെരുമാറ്റവും മികച്ച ചികിത്സയും അർഹിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചശക്തി നശിച്ചുവെന്ന റിപ്പോർട്ടുകൾ ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നും കത്തിൽ പറയുന്നു. ഈ നിവേദനത്തിൽ പാകിസ്ഥാൻ മുൻ ക്യാപ്റ്റന്മാർ ആരും തന്നെ ഒപ്പിട്ടിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകൂടത്തെ പിണക്കാനുള്ള ഭയമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. എങ്കിലും വസീം അക്രം, വഖാർ യൂനിസ്, ഷാഹിദ് അഫ്രീദി എന്നിവർ സോഷ്യൽ മീഡിയയിലൂടെ ഇമ്രാന് ചികിത്സ നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ നിലവിൽ 31 വർഷത്തെ തടവുശിക്ഷയാണ് അനുഭവിക്കുന്നത്. അദ്ദേഹം കഴിയുന്ന സെല്ലിനെ ‘മരണ സെൽ’ എന്നാണ് മകൻ സുലൈമാൻ വിശേഷിപ്പിച്ചത്. കുടുംബാംഗങ്ങളെ കാണാനോ വ്യക്തിഗത ഡോക്ടർമാരുടെ സേവനം തേടാനോ അദ്ദേഹത്തിന് അനുവാദമില്ലെന്നും പരാതിയുണ്ട്. 1992-ൽ പാകിസ്താനെ ലോകകിരീടത്തിലേക്ക് നയിച്ച നായകൻ ഇന്ന് ഇരുളടഞ്ഞ ജയിലിനുള്ളിൽ കാഴ്ച നഷ്ടപ്പെട്ട് കഴിയുന്നുവെന്നത് ക്രിക്കറ്റ് ലോകത്തിനും ഞെട്ടലാണുണ്ടാക്കിയത്.
