Home Top Storiesഅയ്യപ്പസംഗമം; കണക്കിൽ ആശയക്കുഴപ്പം; 4.99കോടി ചെലവെന്ന് ദേവസ്വം കമ്മീഷണർ, 10.99 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്.

അയ്യപ്പസംഗമം; കണക്കിൽ ആശയക്കുഴപ്പം; 4.99കോടി ചെലവെന്ന് ദേവസ്വം കമ്മീഷണർ, 10.99 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്.

by news_desk
0 comments

തിരുവനന്തപുരം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത പണം തിരിച്ചടച്ചെന്ന് ദേവസ്വം കമ്മീഷണര്‍. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു. ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്.

2025 നവംബര്‍ നാലിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്‌പോണ്‍സര്‍ഷിപ്പ് വഴി രണ്ട് കോടി ഉടന്‍ ലഭിക്കുമെന്നും അതുവഴി എല്ലാ ബാധ്യതകളും പരിഹരിക്കും എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 4.99 കോടി രൂപയാണ് ആഗോളസംഗമത്തിനായി ആകെ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദേവസ്വം കമ്മീഷണര്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം ദേവസ്വം കമ്മീഷറുടെ റിപ്പോര്‍ട്ടിലെ കണക്ക് തള്ളുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. സംഗമത്തിന് ചെലവായത് 10.99 കോടിയാണെന്നും ഇതില്‍ 4.35 കോടി രൂപ ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അയ്യപ്പസംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ തുകയില്‍ പ്രശാന്ത് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ സംഘാടനത്തിനായി മൂന്ന് കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നും ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതാണെന്നും പ്രശാന്ത് പറയുന്നു.

‘ഒരു കോടി രൂപ കൂടി സ്‌പോന്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. ‘മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ ‘എന്ന ഹെഡില്‍ നിന്ന് മൂന്ന് കോടി രൂപ സംഘാടനത്തിനായി അഡ്വാന്‍സായി എടുത്തിരുന്നു. സ്‌പോന്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17- 10-25 ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചിലവഴിച്ചിട്ടില്ല. ആകെച്ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്’ എന്നും പ്രശാന്ത് വ്യക്തമാക്കി.

You may also like