Home Sportsസഞ്ജു ഇനി കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം: ദിനേഷ് കാർത്തിക്

സഞ്ജു ഇനി കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം: ദിനേഷ് കാർത്തിക്

by news_desk
0 comments

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ പുതിയ രക്ഷകനായി മാറിയ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍താരം ദിനേഷ് കാർത്തിക്. ആരാധക പിന്തുണയുടെ കാര്യത്തിൽ വിരാട് കോലി, എം.എസ്. ധോണി, രോഹിത് ശർമ്മ എന്നിവർക്കൊപ്പമാണ് സഞ്ജുവിന്‍റെ സ്ഥാനമെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പശ്ചാത്തലത്തിൽ സ്കൈ സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ സഞ്ജു പുറത്തെടുത്ത തകർപ്പൻ പ്രകടനത്തെ കാർത്തിക് പ്രശംസിച്ചു. ഈഡൻ ഗാർഡൻസിൽ 196 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി 50 പന്തിൽ പുറത്താകാതെ 97* റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് സഞ്ജുവിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് കാർത്തിക് വിശേഷിപ്പിച്ചു.

സഞ്ജു സാംസൺ ഒരു വിസ്മയ കഥയാണ്. ജനങ്ങൾ അവനെ അത്രമേൽ സ്നേഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്റ് താരം സഞ്ജുവാണ്. കോഹ്‌ലിക്കും രോഹിത്തിനും ധോണിക്കുമുള്ള അതേ ആരാധക പിന്തുണ സഞ്ജുവിനുമുണ്ട്- കാർത്തിക് പറഞ്ഞു.

2015-ൽ 20-ാം വയസിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സഞ്ജുവിന്, ലോകം ഓർത്തിരിക്കുന്ന ഒരു പ്രകടനം പുറത്തെടുക്കാൻ 11 വർഷത്തെ നീണ്ട പോരാട്ടം വേണ്ടിവന്നു. ടീമിലെ സ്ഥിരതയില്ലായ്മയും ഇടയ്ക്കിടെയുള്ള പുറത്തുപോകലുകളും സഞ്ജുവിനോടുള്ള ആരാധകരുടെ സ്നേഹം വർധിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് കാർത്തിക് ചൂണ്ടിക്കാട്ടി. അമിതമായ പ്രതീക്ഷകളുടെ ഭാരം സഞ്ജുവിന് മേൽ ഉണ്ടായിരുന്നിട്ടും, പ്രതിഭയുടെ കരുത്തിൽ അദ്ദേഹം തിരിച്ചുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ സഞ്ജു പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. ഓപ്പണിംഗില്‍ അഭിഷേക് ശർമ്മ – ഇഷാൻ കിഷൻ സഖ്യം പരാജയപ്പെട്ടതോടെയാണ് സഞ്ജുവിന് വഴിതുറന്നത്. സഞ്ജുവിനെ ആദ്യ മത്സരം മുതൽ തന്നെ കളിപ്പിക്കണമായിരുന്നു എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു. എന്നാൽ, ഫോമിലുള്ള ഇഷാൻ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റേണ്ടി വരുമെന്നതായിരുന്നു അന്ന് ടീം മാനേജ്‌മെന്‍റിനെ കുഴപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഫ് സ്പിന്നർമാരെ നേരിടുന്നതിലെ ഇന്ത്യൻ മുൻനിരയുടെ പോരായ്മ പരിഹരിക്കാനാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നും അതൊരു തന്ത്രപരമായ നീക്കമായിരുന്നുവെന്നും കാർത്തിക് വിശദീകരിച്ചു.

You may also like