Home Top Storiesസംസ്ഥാനത്ത് കനത്ത പോളിങ്; റെക്കോർഡ് പോളിങ്ങിൽ വിജയപ്രതീക്ഷയുമായി മുന്നണികൾ

സംസ്ഥാനത്ത് കനത്ത പോളിങ്; റെക്കോർഡ് പോളിങ്ങിൽ വിജയപ്രതീക്ഷയുമായി മുന്നണികൾ

by news_desk
0 comments

തിരുവനന്തപുരം: പതിനേഴാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തിയതോടെ വിജയസാധ്യതകളെക്കുറിച്ച് കൂട്ടിക്കിഴിച്ചും രാഷ്ട്രീയ മുന്നണികൾ. സംസ്ഥാനത്ത് ഇത്തവണ 78.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണിത്. ഉയർന്ന പോളിങ് ശതമാനം തങ്ങളെ തുണയ്ക്കുമെന്ന അവകാശവാദവുമായി എൽഡിഎഫും യുഡിഎഫും എൻഡിഎയും രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂർ മണ്ഡലത്തിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.

പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലത്തിലെയും വിജയസാധ്യതകൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. ജില്ലാ-മണ്ഡലം കമ്മിറ്റികൾ നൽകുന്ന കണക്കുകൾ വിശദമായി പരിശോധിക്കും. എൺപതിലേറെ സീറ്റുകൾ നേടി ഭരണത്തുടർച്ച ഉറപ്പാണെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും യുഡിഎഫ് വലിയ വിജയം നേടുമെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. ബിജെപിയും ഇത്തവണ പല മണ്ഡലങ്ങളിലും വോട്ട് വിഹിതം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്.

അന്തിമ പോളിങ് ശതമാനത്തിൽ ഇനിയും നേരിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. സർവീസ് വോട്ടുകളും പോസ്റ്റൽ വോട്ടുകളും കൂടി ചേർക്കുമ്പോൾ ശതമാനം ഇനിയും ഉയരും. കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങ്ങാണ് റിപ്പോർട്ട് ചെയ്തത്. പുതുച്ചേരിയിൽ 89.87 ശതമാനവും അസമിൽ 85.65 ശതമാനം വോട്ടർമാരും വിധി രേഖപ്പെടുത്തി.

തനിനിറം മെഗാ പ്രീ-പോൾ സർവേകൾ സൂചിപ്പിച്ചത് പോലെ കടുത്ത പോരാട്ടമാണ് പല മണ്ഡലങ്ങളിലും നടന്നത്. വയനാട് ഫണ്ട് വിവാദവും പാലക്കാട്ടെയും നേമത്തെയും പണമിടപാട് ആരോപണങ്ങളും പോളിങ് ദിനത്തിൽ സജീവ ചർച്ചയായിരുന്നു. ഇതിനിടെ പശ്ചിമേഷ്യൻ സമാധാന വാർത്തകളും ഇന്ധനവിലയിലെ ഇടിവും പ്രവാസി വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. ശബരിമല കേസിലെ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങളും വനിതാ സംവരണ ബില്ലിനായുള്ള കേന്ദ്ര നീക്കവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവസാന നിമിഷം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മെയ് നാലിന് വോട്ടെണ്ണുന്നതോടെ കേരളത്തിന്റെ പുതിയ നായകൻ ആരാണെന്ന് വ്യക്തമാകും. വരും ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ബൂത്ത് തലത്തിലുള്ള കണക്കുകൾ പരിശോധിച്ച് വിജയമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

You may also like