Home Nirakkoottuകവിതയുടെ കരംപിടിച്ച്….സപ്തതിയുടെ നിറവിൽ

കവിതയുടെ കരംപിടിച്ച്….സപ്തതിയുടെ നിറവിൽ

by news_desk
0 comments

ജ്യോതിരാജ് തെക്കൂട്ട്

70 കളുടെ അവസാനത്തിൽ കേരളവർമ്മ കോളേജിൽ നിന്നും മലയാള കാവ്യലോകത്തെ അപ്പാടെ ഇളക്കിമറിച്ച്, കവിതയിൽ ഒരു പൂക്കാലം സൃഷ്ടിച്ച് പുതിയൊരു കവി ഉദയം ചെയ്യുന്നു. പലരിലൂടെ പലവുരു ഉരുവിട്ട് കവിത വർത്തമാനമാക്കിയ രാവുണ്യേട്ടൻ്റെ കവിത.’ ഇത്രയുമാണ് അംബികയുടെ വർത്തമാനങ്ങൾ…’ സഹപാഠികൾ ആഘോഷമാക്കിയ കവിത… കേരളവർമ്മ കോളേജിൽ രണ്ടാം വർഷം ഡിഗ്രിക്ക് പഠിക്കുകയായിരുന്ന രാവുണ്യേട്ടൻ അങ്ങനെ കവിതയുടെ കരംപിടിക്കുന്നു. കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവങ്ങളെ സാധാരണ സംസാരഭാഷയിൽ എഴുതപ്പെട്ട കവിതകൾ അക്കാലത്ത് വിപുലമായി തന്നെ വായിക്കപ്പെട്ടു. ഒന്നും വെറുതെയായിരുന്നില്ല… ‘കവിതയെ ജ്ഞാനേന്ദ്രിയമാക്കിയ കവി , കവിത വിതയ്ക്കുകയും പടർത്തുകയും ചെയ്യുന്ന കാവ്യോപാസകൻ. സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ കവിതയിലൂടെ മാനുഷിക മൂല്യങ്ങൾക്കു വേണ്ടി നിലയുറപ്പിച്ചു .കവിതക്കു വേണ്ടിയുള്ള സാഹിത്യ കൂട്ടായ്മയാണ് കാവ്യശിഖ.
കണ്ണഞ്ചിപ്പിക്കും വിധമാണ് കാവ്യശിഖ പടർന്നുപന്തലിച്ചത്. അതിൻ്റെ അമരത്തിരിക്കുന്നത് എല്ലാവരുടെയും പ്രിയ കവി രാവുണ്യേട്ടനാണ്. നീണ്ട 46 വർഷത്തിനിടക്ക് അദ്ദേഹം അളന്നെടുത്ത കാവ്യലോകം ചില്ലറയല്ല. കവിതയിൽ ഉടലും മനവും മുക്കിയെടുത്ത മലയാളത്തിൻ്റെ അക്ഷര സാന്നിധ്യം സപ്തതിയുടെ നിറവിൽ കവിതയിറ്റുന്ന തൂലിക കയ്യിലേന്തി കാവ്യവിശേഷങ്ങൾ പങ്കിടുകയാണ്….

കവിതയുടെ പൂക്കാലം

‘ഇത്രയുമാണ് അംബികയുടെ വർത്തമാനങ്ങൾ’ എന്ന ആദ്യകവിത കൊണ്ട് തന്നെ മലയാള സാഹിത്യലോകത്ത് സ്വന്തമായൊരിടം കണ്ടെത്തിയ കവിയാണ് രാവുണ്യേട്ടൻ. കേരളവർമ്മ കോളേജിൽ 1979 ൽ സ്റ്റുഡൻ്റ് എഡിറ്ററായിരുന്നു. അക്കാലത്തെ സാഹിത്യ ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ചുറ്റുപ്പാടുകളിൽ നിന്നുള്ള കാഴ്ചകളെ പുതുക്കി പണിത് ഒച്ചയനക്കങ്ങളെ അനുഭവിപ്പിക്കുന്ന ആവിഷ്കാരഭാഷയെ ,ശൈലിയെ സമ്പന്നമാക്കിയ ഒട്ടേറെ കവിതകൾ അദ്ദേഹത്തിൻ്റെതായി പുറത്തുവന്നു. കാവ്യഭാഷയിൽ അതുവരെയില്ലാതിരുന്ന പുത്തൻ ചുവടുവെയ്പ്പായിരുന്നു അത്. ഇവിടെ ഇപ്രകാരം,മഴവിൽ മുള്ളുകൾ, തോമസ് പ്രിയപ്പെട്ട തോമസ് തുടങ്ങി ഒട്ടേറെ കവിതകൾ അക്കാലത്ത് എഴുതി. എന്നാൽ എന്നെ ഏറ്റവുമധികം ആകർഷിച്ചതും, അക്കാലത്ത് ഒരുപാട് ചർച്ചചെയ്യപ്പെട്ടതുമായ 1983 ൽ പ്രസിദ്ധീകരിച്ച രാവുണ്യേട്ടൻ്റെ ‘വളരെ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്’ എന്ന കവിതയാണ്. സാമാന്യം ദീർഘമായൊരു കവിതയാണത്. തടവിൽ കിടക്കുന്ന ഒരു കൂട്ടമാളുകൾ അനന്തമായ സ്വാതന്ത്ര്യത്തെ, പ്രണയത്തെ സ്വപ്നം കാണുന്നു. അനുഭവിക്കുന്നു.പരസ്പരം പങ്കുവെയ്ക്കുന്നു. പിന്നീട് സകല വികാരങ്ങൾക്കുമേലും വിലക്കേർപ്പെടുത്തുന്ന ജയിൽ ചട്ടം ശബ്ദിക്കാൻ പോലുമാകാത്ത വിധം അവർ ബന്ധനസ്ഥരാക്കപ്പെടുന്നു. ഇതായിരുന്നു ആ കവിതയുടെ ഉള്ളടക്കം. കവിതയുടെ തലക്കെട്ട് പോലെ വിചിത്രമായ വായന സമ്മാനിച്ച രാവുണ്ണി കവിതകൾ വർത്തമാനകാലത്തിൻ്റെ മുഖപുസ്തകമാകുന്നതിൻ്റെ ഒന്നാന്തരം തെളിവാണ് ഈ കവിത.
അക്കാലത്ത് വി.ജി തമ്പി(തമ്പി വാഴപ്പിള്ളി) എഡിറ്ററായ രസന മാസികയും, സച്ചിദായും, കെ.ജി.എസും അയ്യപ്പപ്പണിക്കരും എം. ഗോവിന്ദനുമൊക്കെ പുറത്തിറക്കിയ മാസികകൾ രാവുണ്ണിയുടെ കവിത രചനയെ കൂടുതൽ ജനകീയവും സമ്പന്നവുമാക്കി.

എങ്ങനെയാകണം കവിത

സമാനതകളില്ലാത്ത കവിതയെ സ്വപ്നം കാണുന്ന കവി പരിപൂർണ്ണത, തൃപ്തി അതൊക്കെയൊരു പ്രതീക്ഷയാണെന്നു പറയുന്നുണ്ട്. എന്നും പുതുപുത്തനായിരിക്കുക.
കവിത കവിതയാകുന്നതുവരെയുള്ള കാത്തിരിപ്പ്. അതായിരിക്കണം കാവ്യജീവിതം.

മനുഷ്യനിലേക്ക് തുറന്ന കവിതകൾ

രാവുണ്ണി കവിതകളിലെ മുഖമുദ്ര മാനവികതയാണ്. കവിയും, കവിതയും ഒന്നാണിവിടെ. അടുത്തിടെ മാതൃഭൂമി പ്രസിദ്ധികരിച്ച രാവുണ്ണിയുടെ ‘രാ’ എന്ന കവിതയിൽ പറയുന്നുണ്ട് “മൂക്കറ്റം കടം വന്നൊരച്ചനമ്മമാർക്കേത് മക്കളുണ്ടാകും തുണയായ് , അവർക്കും ജീവിക്കണ്ടേ…” ഈ കവിത ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ വൃദ്ധദമ്പതികളുടെതാണ്. പലപ്പോഴും തോറ്റു നിൽക്കുന്നവരെയാണ് താൻ കാണുന്നതെന്ന് പറയുന്നതിനും മുമ്പ്, കവി മറ്റൊരു തോൽപിയെ,വേദനയെകൂടി കൂടെ കൂട്ടാനുള്ള. ഓട്ടത്തിലാകും.
“നിഷ്പക്ഷമെന്നാലതൊറ്റിക്കൊടുക്കൽ
നിഷ്ക്രിയത്വം മൃതിയേക്കാൾ ഭയാനകം”
‘മണിപ്പൂർ’ എന്ന കവിതയിൽ അദ്ദേഹം പറയുന്നുണ്ട്, ഒന്നും ചെയ്യാതിരിക്കുന്നത് മൃതിയേക്കാൾ ഭയാനകമെന്ന്. ഈയടുത്തു വായിച്ച പ്രണയ കവിതകളിൽ ഏറ്റവും മനോഹരമെന്ന് തോന്നിയത് രാവുണ്യേട്ടൻ്റെ ‘മധുരനാരങ്ങയുടെ അല്ലികൾ’ എന്ന കവിതയാണ്. പുതിയ കാലത്തിൻ്റെ പ്രണയത്തിൻ്റെ വേറിട്ട വിസ്മയ കാഴ്ചകളായിരുന്നു കവിത നിറയെ.നാരങ്ങാ മിഠായി തിന്നു കൊണ്ടാണവർ ഓടിത്തുടങ്ങിയ തീവണ്ടിയിലേക്ക് പൂമ്പാറ്റകളെ പോലെ പറന്നു കയറുന്നത്. സന്ദർഭോചിതമായി ഒന്നുപദേശിക്കാൻ പോലും സമയം കൊടുക്കാതെ, അവർ വാതോരാതെ സംസാരിച്ച്, പരസ്പരം പൊട്ടിച്ചിരിച്ച് കൺവെട്ടത്തു നിന്ന് മറഞ്ഞു പോകുന്നു. ഇന്നത്തെ കാലത്തിൻ്റെ നേർസാക്ഷ്യമാണ് ഈ പ്രണയകവിത.കവിക്ക് കവിതകളാണ് മനുഷ്യനും,ആകാശവും നെല്ലും വയലും കാടും മരവുമൊക്കെ…

കാവ്യശിഖയിലെ അമരൻ

മലയാളത്തിൻ്റെ ജനകീയ കവിയാണ് രാവുണ്യേട്ടൻ. രാകി വെളുപ്പിച്ച കവിതയുടെ വെട്ടവുമായി കവിത ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്കാണ് അദ്ദേഹം നടക്കുന്നത്..
പഴയതും,പുതിയതും എന്നൊന്നില്ലാതെ എല്ലാ തലമുറയിലെയും കവി മിത്രങ്ങളെ കൂടെ കൂട്ടിയുള്ള യാത്ര. അദ്ദേഹത്തിൻ്റെ കൂടെ കാവ്യയാത്രകളിൽ പലപ്പോഴും പങ്കാളിയാകുവാൻ കഴിഞ്ഞു എന്നത് എന്നേ പോലെ തന്നെ ആഹ്ളാദിക്കുന്നവർ നിരവധിയാണ്. കാവ്യശിഖ എന്ന കാവ്യ കൂട്ടായ്മയിൽ ചേർക്കുന്നതിനു വേണ്ടി രാവുണ്യേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത് ഇപ്പോഴും ഓർക്കുകയാണ്. “കേരളത്തിലെ എല്ലാ കവികൾക്കും ഒത്തുചേരാൻ ഒരിടം. കവിതകൾ പരസ്പരം വായിക്കാനൊരിടം. കവിതകൾക്ക് മാത്രമായുള്ള ഒരിടം. കവിത നിറയ്ക്കാൻ ഒരിടം…”
ഇങ്ങനെയൊരു കവി ഇല്ലായിരുന്നെങ്കിൽ എത്രയോ പേരുടെ കവിതകൾ ഇരുളടഞ്ഞു പോയേനെ എന്നു തോന്നുണ്ട് പലപ്പോഴും. അദ്ദേഹത്തിൻ്റെ സംഘാടനാപാടവം എടുത്തു പറയേണ്ട സംഗതിയാണ്. ഓരോരുത്തരും സ്വന്തം ഇടം കണ്ടെത്തുക തന്നെ വേണമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.
രാമാരാമത്തിലെ മരച്ചുവട്ടിലിരുന്ന് അന്നവിടെ എത്തിച്ചേർന്ന കവികൾ രാവുണ്യേട്ടൻ്റെ കവിതകളും പുസ്തകങ്ങളും പങ്കുവെച്ചും കവിതചെല്ലിയും സപ്തതി ആഘോഷമാക്കി. നിറവാക്കി.

കവി, എഴുത്തുകാരൻ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ,കേരള സംഗീതനാടക അക്കാദമിയുടെ മുൻ സെക്രട്ടറി, പു.ക.സ യുടെ മുൻ ജില്ലാ പ്രസിഡൻറ് , കാവ്യശിഖയുടെ സ്ഥാപകൻ നിരവധി കാവ്യ സംഘടകളുടെ രക്ഷാധികാരിയായ അദ്ദേഹത്തിന് ‘കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികളിലെ ദേശീ സൗന്ദര്യബോധം’ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ നിന്ന് പി.എച്ച്. ഡി ലഭിച്ചു. പതിനഞ്ച് മുറിവുകൾ, അകങ്ങൾ, പിന്നേറ്റം, വെളിച്ചം വരുന്ന വഴികൾ, കറുത്ത വറ്റേ കറുത്ത വറ്റേ , മാറ്റുദേശത്തെ കല്ലെഴുത്തുകൾ..തുടങ്ങി പത്തിലേറെ കവിത സമാഹാരങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാർഡ്, കുഞ്ചുപ്പിള്ള അവാർഡ്, അങ്കണം ഷംസൂദ്ദിൻ സ്മൃതി അവാർഡ്, ദേശാഭിമാനി അവാർഡ് തുടങ്ങി പത്തിലേറെ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ – അംബിക ടീച്ചറാണ്. മക്കൾ -ശരത്ചന്ദ്രൻ, ശാരിക
ഇപ്പോൾ തൃശൂർ ജില്ലയിലെ എറവിലാണ് താമസം.

You may also like