Home Internationalഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് തുറന്നുനൽകും; ശത്രുരാജ്യങ്ങൾക്ക് വിലക്കുമായി ഇറാൻ

ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് തുറന്നുനൽകും; ശത്രുരാജ്യങ്ങൾക്ക് വിലക്കുമായി ഇറാൻ

by news_desk
0 comments

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യയുൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി സഞ്ചരിക്കാൻ അനുമതി നൽകുമെന്ന് ഇറാൻ. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്നും ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് ഈ പാത ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശത്രുരാജ്യങ്ങളായി പ്രഖ്യാപിച്ച അമേരിക്ക, ഇസ്രയേൽ എന്നിവയുടെ കപ്പലുകൾക്ക് കടലിടുക്കിൽ കർശന വിലക്ക് തുടരും. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രയേലിനെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ കപ്പലുകളെയും കടത്തിവിടില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. തങ്ങളുടെ പ്രദേശം നിലവിൽ യുദ്ധമേഖലയാണെന്നും ശത്രുരാജ്യങ്ങൾക്കോ അവരുടെ സഖ്യകക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ആഗോള ഇന്ധന നീക്കത്തിൽ നിർണ്ണായകമായ ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഈ നിയന്ത്രണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

You may also like