Home Businessആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില കുത്തനെ ഇടിഞ്ഞു, മാസങ്ങൾക്ക് ശേഷം ഒരു പവൻ ലക്ഷത്തിന് താഴെ

ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില കുത്തനെ ഇടിഞ്ഞു, മാസങ്ങൾക്ക് ശേഷം ഒരു പവൻ ലക്ഷത്തിന് താഴെ

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷം രൂപയ്ക്കും താഴെയെത്തിയത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാകുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 7,560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,480 രൂപയിലേക്ക് താഴ്ന്നു. ഇന്ന് രാവിലെ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഗ്രാമിന് 940 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ 12,435 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി 4-ന് ശേഷമാണ് സ്വർണവില ആദ്യമായി ഒരു ലക്ഷത്തിന് താഴേക്ക് വരുന്നത്.

ഈ മാസം തുടക്കത്തിൽ 1,26,920 രൂപ വരെ ഉയർന്ന സ്വർണവിലയാണ് രണ്ടാഴ്ച പിന്നിടുമ്പോൾ വൻതോതിൽ ഇടിഞ്ഞിരിക്കുന്നത്. മാർച്ച് 19 മുതൽ വിലയിൽ തുടർച്ചയായ കുറവ് ദൃശ്യമായിരുന്നു. മാർച്ച് 21-ന് 1,07,040 രൂപയായിരുന്ന വില ഇന്ന് 99,480-ലേക്ക് എത്തിയതോടെ ജനുവരി മാസത്തെ നിരക്കുകളിലേക്കാണ് വിപണി മടങ്ങുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് പിന്നിലെന്നാണ് സൂചന. കല്യാണ സീസൺ അടുത്തിരിക്കെ സ്വർണവിലയിലുണ്ടായ ഈ വൻ കുറവ് സാധാരണക്കാർക്ക് വലിയ ഗുണകരമാകും. വരും ദിവസങ്ങളിലും ഈ ട്രെൻഡ് തുടരുമോ എന്ന ആകാംക്ഷയിലാണ് വിപണി.

You may also like