Home Businessനിര്‍മിതബുദ്ധി ഉപയോ​ഗത്തിൽ മുൻപന്തിയിൽ, എന്നിട്ടും ഡാറ്റ ഉപയോഗിക്കാതെ ഫ്രീ ആയി വിദേശത്തേക്ക് ഒഴുക്കി ഇന്ത്യ; വേണ്ടേ ഇന്ത്യക്ക് ഒരു ഡാറ്റാ നയം?

നിര്‍മിതബുദ്ധി ഉപയോ​ഗത്തിൽ മുൻപന്തിയിൽ, എന്നിട്ടും ഡാറ്റ ഉപയോഗിക്കാതെ ഫ്രീ ആയി വിദേശത്തേക്ക് ഒഴുക്കി ഇന്ത്യ; വേണ്ടേ ഇന്ത്യക്ക് ഒരു ഡാറ്റാ നയം?

by news_desk
0 comments

നിര്‍മിതബുദ്ധി ഉപയോഗിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയിലാണ് ഇന്ത്യ. എഐ സാങ്കേതികവിദ്യയുടെ അടിസ്ഥാനം പ്രധാനമായും മൂന്ന് കാര്യങ്ങളാണ്: മികച്ച പ്രതിഭകള്‍, ഉയര്‍ന്ന നിലവാരമുള്ള ചിപ്പുകളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുന്ന കമ്പ്യൂട്ടിങ് പവര്‍, പിന്നെ ഡാറ്റയും. ഇന്ത്യയില്‍ മികച്ച എഞ്ചിനീയര്‍മാര്‍ക്ക് പഞ്ഞമില്ലെങ്കിലും, അടിസ്ഥാന ഗവേഷണ പരിശീലനമോ സര്‍ക്കാര്‍ ലാബുകളിലും സര്‍വകലാശാലകളിലും ആവശ്യത്തിന് നൂതന പ്രോസസറുകളോ നമുക്കില്ല. എന്നാല്‍ ഇന്ത്യയ്ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഒന്നാണ് ‘ഡാറ്റ’. ഈ ഡാറ്റ വെറുതെ വിദേശത്തേക്ക് സൗജന്യമായി ഒഴുക്കിക്കളയാതെ, ഒരു തന്ത്രപ്രധാനമായ സമ്പത്തായി ഇന്ത്യ കാണേണ്ടതുണ്ട്.

കണ്ണുവച്ച് അമേരിക്കന്‍ വമ്പന്മാര്‍

അമേരിക്കന്‍ ടെക് വമ്പന്മാര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇടിച്ചുകയറുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. നൂറുകോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള, സ്മാര്‍ട്ട്ഫോണുകളെ ആശ്രയിക്കുന്ന ഇന്ത്യയില്‍ നിന്ന് ദിനംപ്രതി സന്ദേശങ്ങളായും വോയ്സ് നോട്ടുകളായും ഡിജിറ്റല്‍ ഇടപാടുകളായും ഒഴുകുന്നത് വന്‍ ഡാറ്റയാണ്. ഇത് എഐ സംവിധാനങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി , ആന്ത്രോപിക് പിബിസിയുടെ ക്ലോഡ് തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാമതാണ് ഇന്ത്യ. എന്നാല്‍ ഈ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വരുമാനം വളരെ തുച്ഛമാണ്. പണമുണ്ടാക്കുന്നതിനേക്കാള്‍ അവരുടെ എഐ സംവിധാനങ്ങളെ പരിശീലിപ്പിച്ചെടുക്കാന്‍ ഇന്ത്യയിലെ ഡാറ്റയാണ് അവര്‍ ലക്ഷ്യമിടുന്നത് എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

സൗജന്യ സേവനങ്ങളുടെ വില

സൗജന്യമായി ലഭിക്കുന്ന ഇത്തരം സേവനങ്ങള്‍ക്ക് നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും. ഇന്ത്യക്കാരുടെ ഭാഷയും ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് വിദേശ എഐകളെ മിടുക്കരാക്കാനാണ് സിലിക്കണ്‍ വാലി കമ്പനികളുടെ ശ്രമം. അസംസ്‌കൃത വസ്തുക്കള്‍ തുച്ഛമായ വിലയ്ക്ക് കയറ്റുമതി ചെയ്യുകയും, പിന്നീട് അതേ ഉല്‍പന്നങ്ങള്‍ കൂടിയ വിലയ്ക്ക് തിരികെ വാങ്ങുകയും ചെയ്ത പഴയ ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ ഇതിലൂടെ സാധ്യതയുണ്ട്. തന്നെയുമല്ല, ഭാവിയില്‍ എഐ മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും നമ്മള്‍ തന്നെ നേരിടേണ്ടിയും വരും.

ഇന്ത്യന്‍ ഡാറ്റ, ഇന്ത്യയുടെ സ്വത്ത്

പ്രാദേശിക ഭാഷാ ഡാറ്റകള്‍ ശേഖരിക്കാന്‍ അന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സിന്റെ പിന്തുണയുള്ള ‘പോസിഡോണ്‍ എഐ’ പോലെയുള്ള സ്റ്റാര്‍ട്ടപ്പുകളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. ഡാറ്റ ശേഖരണത്തിലെ ചൂഷണം ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായി ചെയ്താല്‍ ഇത്തരം ഡാറ്റാസെറ്റുകള്‍ ഇന്ത്യയുടെ എഐ സമ്പദ്വ്യവസ്ഥയുടെ ശക്തിയായി മാറും. ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യ-സാമ്പത്തിക മേഖലകളിലും ഇന്ത്യയ്ക്ക് തനതായ ഡാറ്റാസെറ്റുകള്‍ ആവശ്യമാണ്. രോഗനിര്‍ണയം മെച്ചപ്പെടുത്താന്‍ എഐയ്ക്ക് കഴിയുമെങ്കിലും, അതിന് ആവശ്യമായ ഡാറ്റ ഇപ്പോഴും ആശുപത്രികളുടെ സിസ്റ്റങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അടുത്തിടെ നടന്ന എഐ ഇംപാക്ട് സമ്മിറ്റില്‍ ‘ഐസ്പിരിറ്റ്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍, സുരക്ഷിതമായ രീതിയില്‍ ഈ ഡാറ്റ ഗവേഷകര്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് പ്രാദേശിക സംരംഭകര്‍ സംസാരിച്ചിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഗൗരവമുള്ളതാണെങ്കിലും, ഇത്തരം ഡാറ്റകള്‍ ലഭ്യമാക്കുന്നത് വഴി ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.

തീരുമാനങ്ങള്‍ നമ്മുടേതാകണം

ചുരുക്കത്തില്‍, ഈ ഡാറ്റയുടെ നിയന്ത്രണം ആര്‍ക്കാണ്, അതില്‍ നിന്നുള്ള നേട്ടം ആര്‍ക്കാണ് ലഭിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. ഉപയോക്താക്കളുടെ ഡാറ്റ ലോകത്തിന് മുന്നില്‍ കൊട്ടിയടക്കുകയല്ല ഇതിനുള്ള പരിഹാരം. മറിച്ച്, മികച്ച എഐ ഉണ്ടാക്കാന്‍ നമ്മുടെ ഡാറ്റ അത്യാവശ്യമാണെങ്കില്‍ വിദേശ കമ്പനികളില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെടാന്‍ സര്‍ക്കാരിന് കഴിയണം. ആപ്പുകള്‍ക്കും പരസ്യങ്ങള്‍ക്കും അപ്പുറം, കമ്പ്യൂട്ടിങ് സൗകര്യങ്ങള്‍, മികച്ച ചിപ്പുകള്‍, ഗവേഷകര്‍ക്ക് ഉയര്‍ന്ന പരിശീലനം എന്നിവ ഉറപ്പാക്കുന്ന പങ്കാളിത്തമാണ് നമുക്ക് വേണ്ടത്. വിദേശ കമ്പനികള്‍ തങ്ങളുടെ എഐ നിര്‍മ്മിക്കാന്‍ ഏത് തരം ഡാറ്റയാണ് ഉപയോഗിച്ചതെന്നും, അത് ഇന്ത്യയില്‍ എന്തെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ സൃഷ്ടിക്കുമോ എന്നും വ്യക്തമാക്കാന്‍ നയം രൂപീകരിക്കണം. കൂടാതെ വരുമാനം പങ്കുവയ്ക്കുന്ന മോഡലുകളും പരിഗണിക്കണം. സ്വന്തമായി അടിസ്ഥാന എഐ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍, കൃത്യമായ ഡാറ്റാ നയങ്ങള്‍ രൂപീകരിച്ചാല്‍ എഐ യുഗത്തില്‍ വികസ്വര രാജ്യങ്ങളെ നയിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. അല്ലാത്തപക്ഷം, വിദേശ കമ്പനികള്‍ക്ക് നമ്മുടെ ഡാറ്റ ഖനനം ചെയ്യാനുള്ള വെറുമൊരു തുറന്ന ഖനിയായി ഇന്ത്യ മാറും. അത് നമ്മുടെ തൊഴിലുകള്‍ ഇല്ലാതാക്കുകയും സാങ്കേതികവിദ്യയുടെ നിയന്ത്രണം വിദേശ രാജ്യങ്ങളുടെ കൈകളില്‍ ഒതുങ്ങുകയും ചെയ്യും.

You may also like